മാവേലിക്കര:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതിത്തുക വെട്ടിക്കുറച്ചും കോൺഗ്രസ് ഭരിക്കുന്ന മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സി.പി.എം നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെയും ഭാഗമായിട്ടാണ് പല വികസന പ്രവർത്തനങ്ങളും യഥാസമയം നടത്താൻ കഴിയാത്തതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് ആരോപിച്ചു.ആയുർവേദ ആശുപത്രിക്കായി കാള ചന്തയിൽ സ്ഥലം വിട്ടുനൽകുന്നതിന് കൗൺസിൽ തീരുമാനമെടുത്ത് അറിയിച്ചിട്ടുള്ളതാണ്.സയൻസ് പാർക്കിന്റെ നിർമ്മാണ ചുമതല പി.ഡബ്ല്യു.ഡിക്ക് ആണെന്നിരിക്കെ നിർമ്മാണം ആരംഭിക്കാൻ കഴിയാത്തത് നഗരസഭയുടെ വീഴ്ചയല്ല. കുളങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നഗരസഭ തീരുമാനമെടുത്ത് കത്ത് നൽകിയതാണ്. പദ്ധതി തുക വെട്ടികുറച്ചും യഥാസമയം നൽകാതെയും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ഇടതുസർക്കാർ നടത്തുന്ന ശ്രമത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.