ആലപ്പുഴ: നഗരത്തിൽ റേഷനരി കടത്താൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 3500 കിലോ റേഷനരിയും 85 കിലോ ഗോതമ്പുമായി കഴിഞ്ഞദിവസം പുന്നമടയിൽ നിന്ന് പിടിയിലായ ആലപ്പുഴ തോണ്ടൻകുളങ്ങര തയ്യിൽവീട്ടിൽ ജിനുവിൽ (52) നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സക്കറിയാ ബസാറിലുള്ള രണ്ടുപേർ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
റേഷനരിയും ഗോതമ്പും കടത്താനുപയോഗിച്ച വാഹനമടക്കമാണ് വ്യാഴാഴ്ച നോർത്ത് പൊലീസ് ജിനുവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. വാഹനവും അരിയും സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. റേഷനരിയാണോ എന്ന് പരിശോധിക്കുന്നതിന് ഇന്നലെ സിവിൽ സപ്ലൈസിന്റെ ക്വാളിറ്റി കൺട്രോളർ സ്റ്റേഷനിലെത്തി അരിയുടെയും ഗോതമ്പിന്റെയും സാമ്പിൾ ശേഖരിച്ചു. പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഇതിനുശേഷം കളക്ടർക്ക് റിപ്പോർട്ട് നൽകും.

ആലപ്പുഴ നഗരത്തിൽ റേഷനരി കരിഞ്ചന്തയിൽ വിൽക്കുന്നത് പതിവാണെങ്കിലും സംഭവം പിടികൂടുന്നത് കുറവാണ്.പരിശോധനയിൽ റേഷനരിയാണെന്ന് കണ്ടെത്താനും കഴിയാറില്ല. ഇതിനാൽ പ്രതികൾ രക്ഷപ്പെടാറാണ് പതിവ്.