ആലപ്പുഴ: ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കുന്നത് കണ്ടെത്താൻ പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത സ്ക്വാഡ് കാർത്തികപ്പളളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തി. പലചരക്ക്, പച്ചക്കറി, ഹോട്ടലുകൾ, ബേക്കറി തുടങ്ങിയ 28 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ അരിപ്പൊടി, ശീതളപാനീയങ്ങൾ, കടുക്, മുളകുപൊടി തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ചു. ത്രാസ് പതിക്കാത്തതും, പാക്കിംഗ് ലൈസൻസ് ഇല്ലാത്തതും, പാക്കിംഗ് സ്റ്റിക്കർ ഇല്ലാത്ത സാധനങ്ങൾ വില്പനയ്ക്ക് എത്തിച്ചതിന് അഞ്ച് കേസുകൾ എടുക്കുകയും കുറ്റക്കാരിൽ നിന്നും 13,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയ്ക്ക് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ, കാർത്തികപ്പള്ളി താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മഹേഷ്, ഹരിപ്പാട് ഭക്ഷ്യസുരക്ഷാ ഓഫീസർ ഹേമാംബിക എന്നിവർ നേത്യത്വം നൽകി. പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. ശ്രീകല, മുഹമ്മദ് മദീന, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് വിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.