bus

ആലപ്പുഴ: പുതിയ ഗതാഗത പരിഷ്കരണങ്ങളിൽ കുരുങ്ങി നഗരത്തിലെ സ്വകാര്യ ബസുകൾ.

നഗരത്തിൽ 25 കിലോമീറ്റർ മാത്രം തെക്ക്- വടക്ക് സർവീസ് നടത്തിവരുന്ന സ്വകാര്യ ബസുകൾക്ക് കോടതിപ്പാലം പൊളിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം

തിരിച്ചടിയായിരിക്കുകയാണ്. മണ്ണഞ്ചേരി- ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി- റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് സ്വകാര്യ ബസ് ഉപകരിക്കാത്തതും പുതിയ റൂട്ടിൽ നിന്ന് യാത്രക്കാരെ ലഭിക്കാത്തതും വരുമാനം കുറയാൻ കാരണമായതായി അവർ പറയുന്നു.

വാടക്കനാലിന്റെ ഇരുവശത്തെ റോഡുകളുടെ ഭാഗങ്ങളും ബദൽറോഡും സഞ്ചാരയോഗ്യമാക്കി ലോക്കൽ ബസുകൾക്ക് കൂടി യാത്ര അനുവദിച്ചാൽ പ്രശ്‌നങ്ങൾക്ക് താത്ക്കാലിക പരിഹാരമാകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജി ഫോം സമർപ്പിച്ച് സർവീസ് താത്ക്കാലികമായി നിർത്തി വയ്ക്കേണ്ട സാഹചര്യം വരും. അല്ലാത്ത പക്ഷം മേഖല ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും ഉടമകൾ പറയുന്നു.

പ്രതിസന്ധിയിലെന്ന് ബസ് ഉടമകൾ

# ചുറ്റിക്കറങ്ങിയുള്ള യാത്രകാരണം ദിവസം 1000 രൂപയോളം അധിക ഇന്ധന ചെലവ്

വരുന്ന അവസ്ഥയിലാണ്

# 20മുതൽ 25 ശതമാനം വരെ വരുമാനം കുറഞ്ഞതായി ബസുടമകൾ പറയുന്നു

# പരിഹാര മാർഗങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കത്ത് നൽകിയതായും ഉടമകൾ പറഞ്ഞു

ഗതാഗത പരിഷ്കരണം കാരണം ബസുടമകൾ ഭീമമായ നഷ്ടത്തിലേക്കാണ് പോകുന്നത്. കോടതിപ്പാലത്തിന്റെ നി‌ർമ്മാണം പൂർത്തിയാകാൻ മൂന്ന് വ‌ർഷമെങ്കിലും എടുക്കുമെന്നതിനാൽ മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം

-പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ