ആലപ്പുഴ: പുനർഗേഹം പദ്ധതിയുടെ പുറക്കാട് മണ്ണുംപുറത്തെ ഫ്ലാറ്റുകൾ പണി പൂർത്തിയാക്കി ഉടൻ ഗുണഭോക്താക്കൾക്ക് കൈമാറണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. നവംബർ 1 അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിൽ ആ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി ഫ്ലാറ്റുകൾ കൈമാറണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
പ്രകൃതിക്ഷോഭം കാരണമുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരത്തുകയായി 2024ൽ രണ്ടുകോടി രൂപ അനുവദിച്ചതിൽ 1.4 കോടി രൂപ വിതരണം ചെയ്തതായും ബാക്കി നടപടികൾ പുരോഗമിക്കുകയാണെന്നും 2025ൽ ഇതുവരെ 125 അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്നും ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കുട്ടനാട്ടിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണത്തിന് മുമ്പായി എല്ലാ സബ്സിഡി സാധനങ്ങളും ഓണക്കിറ്റും സമൃദ്ധി കിറ്റുകളും ലഭ്യമാക്കുമെന്ന് സപ്ലൈകോ റീജയണൽ മാനേജർ അറിയിച്ചു.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാലയങ്ങളിൽ നടത്തിയ പരിശോധനയിൽ
51 കെട്ടിടങ്ങൾ പൊളിച്ച് നീക്കാനും 102 കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താനും ഉണ്ടെന്നും ഈ കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
കുട്ടനാട്ടെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമായി തോട്ടപ്പള്ളി പൊഴിയുടെ വീതി വർദ്ധിപ്പിക്കണമെന്നും, വിയപുരം ലീഡിംഗ് ചാനൽ, വേമ്പനാട്ടുകായൽ എന്നിവയുടെ ആഴം കൂട്ടണമെന്നും യോഗത്തിൽ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ലാക്കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രണം വള്ളംകളി കാണാൻ എത്തുന്നവരുടെ യാത്ര തടസ്സപ്പെടുത്താത്ത രീതിയിൽ ക്രമീകരിക്കണമെന്നും അതിന്റെ റിപ്പോർട്ട് കളക്ടർക്ക് കൈമാറണമെന്നും യോഗം നിർദ്ദേശിച്ചു.
ജില്ലാ ആസൂത്രണസമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു വകുപ്പ് ഉദ്യോഗസ്ഥന്മാർ, എം.എൽ.എമാർ, എം.പി മാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.