കായംകുളം : പെരൂത്തറ വാഴപ്പള്ളി ഭാഗത്ത് പി.ഐ.പി കനാലിന്റെ ഇരുവശത്തെയും വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതമാകുന്നു. നഗരസഭ ആറാംവാർഡിലെ അൻപതോളം കുടുംബങ്ങളെയാണ് വെള്ളക്കെട്ട് സാരമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിനായി നിർമ്മിച്ച കനാൽ 30 വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
മഴക്കാലത്ത് പ്രദേശത്തു നിന്നും വെള്ളം ഒഴുകിപോകാൻ മാർഗമില്ലാത്തതിനാൽ കനാലിന് ഇരുവശവും വെള്ളക്കെട്ടാകും. പ്രദേശത്തെ നീരൊഴുക്ക് തടസപെടുത്തിയാണ് കനാൽ കടന്നുപോകുന്നത്. മലിനജലം കെട്ടികിടക്കുന്നത് ജലജന്യരോഗങ്ങൾക്ക് കാരണമായേക്കുമെന്നുള്ള ഭയത്തിലാണ് പ്രദേശവാസികൾ. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്ല്യവും കൂടുതലാണ്. കനാൽ ഭൂമിനിരപ്പിൽ നിന്ന് ഉയർന്നാണ് സ്ഥിതിചെയ്യുന്നത്. ഇതാണ് നീരൊഴുക്ക് തടസപെടാൻ കാരണം. കെട്ടിക്കിടക്കുന്ന വെള്ളം കനാലിലേക്ക് ഒഴുക്കി വിടാൻ സൗകര്യമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ്മന്ത്രി, ജലസേചന വകുപ്പ്, നഗരസഭ, ജില്ലാ കളക്ടർ, എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും നടപടി ഒന്നുമായിട്ടില്ല.