മാവേലിക്കര : സി.പി.എം സംഘടിപ്പിക്കുന്ന സമര പ്രക്ഷോഭ പരിപാടികളിൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭാ നേതൃത്വം അസ്വസ്ഥമാകുന്നുവെന്ന് സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി ജി.അജയകുമാർ പ്രസ്താവനയിൽ പറഞ്ഞു. ഇത് കാരണമാണ് ചില കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നത്. നാലേ മുക്കാൽ വർഷത്തിനിടെ എടുത്ത് കാണിക്കാൻ ഒരു വികസന പ്രവർത്തനവും നടത്താതെ മണ്ഡലത്തിലെ എം.എൽ.എയ്ക്കും നഗരസഭയിലെ ഉദ്യോഗസ്ഥർക്കും മുകളിൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കാം എന്ന് നഗരസഭ ഭരിക്കുന്നവർ കരുതേണ്ടെന്നും അജയകുമാർ പറഞ്ഞു.

കൂടുതൽ സ്ഥിരം സമിതികൾ കൈകാര്യം ചെയ്യുന്ന ബി.ജെ.പി കോൺഗ്രസിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുകയാണ്. ഇരു കൂട്ടരുടെയും അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ നാളുകളായി പീഡിപ്പിക്കുന്നു. എം.എൽ.എ കൊണ്ടുവന്ന വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പ്രസ്താവന ഇറക്കി ആളാകാൻ നോക്കുന്നത്. മാവേലിക്കര നഗരസഭ പാർക്കിൽ 5 കോടി ചെലവിട്ടുള്ള ശാസ്ത്ര പാർക്ക് പദ്ധതി എം.എൽ.എ കൊണ്ടുവന്നെങ്കിലും പദ്ധതി നടപ്പാക്കാം എന്ന് ആദ്യം സമ്മതിച്ച നഗരസഭ പിന്നീട് ഒരു നടപടിയും സ്വീകരിക്കാതെ രണ്ടു വർഷം വെറുതെ കളഞ്ഞു. ഒടുവിൽ നടപ്പാക്കാൻ കഴിയില്ലെന്ന് കാട്ടി എം.എൽ.എയ്ക്ക് കത്തുനൽകി. അഴിമതിയും സ്വജനപക്ഷപാതവും കാരണം കേരളത്തിലെ ഏറ്റവും മോശപ്പെട്ട നഗരസഭകളിൽ ഒന്നായി മാവേലിക്കരയെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസിനും ബി.ജെ.പിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ജി.അജയകുമാർ പ്രസ്താവനയിൽ പറഞ്ഞു.