മാന്നാർ: കാർ യാത്രക്കാരനും ഭക്ഷണം ഡെലിവറി ചെയ്യുന്ന ചെറുപ്പക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മദ്ധ്യസ്ഥതക്കെത്തിയ ഓട്ടോക്കാരനെ എസ്.ഐ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായി പരാതി. കാറിനുണ്ടായ കേടുപാടിന്റെ പേരിൽ ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്ന് 7000 രൂപ വാങ്ങി കാറുടമയ്ക്ക് നൽകിയതായും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ എസ്.എച്ച്.ഒ ഇടപെട്ട് പണം തിരികെ കൊടുപ്പിക്കുകയും ചെയ്തു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡ് കുരട്ടിശ്ശേരി വില്ലേജിൽ കോവുമ്പുറത്ത് തെക്കേതിൽ ഹാരിസാണ് മാന്നാർ എസ്.ഐ ശരത് ചന്ദ്രബോസിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ വീടിന് 100 മീറ്റർ മാത്രം ദൂരമുള്ള സഹോദരന്റെ മീൻ കടയ്ക്ക് സമീപത്തായി അസാധാരണമായ രീതിയിൽ ആൾക്കൂട്ടവും ബഹളവും കണ്ടതിനെ തുടർന്ന് വീട്ടിൽ നിന്നും അവിടേക്കെത്തിയ ഹാരിസ് പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് തിരികെ വീട്ടിലെത്തി. എന്നാൽ അടുത്ത ദിവസം ഓട്ടോയുമായി ഞാൻ സ്റ്റാൻഡിൽ കിടക്കുമ്പോൾ എസ്.ഐ ശരത് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റാൻഡിൽ എത്തുകയും ബലമായി ജീപ്പിൽ കയറ്റുകയും ഓട്ടോ ഉൾപ്പെടെ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തതായി ഹാരിസ് നൽകിയ പരാതിയിൽ പറയുന്നു. എസ്.പി ക്ക് ലഭിച്ച പരാതി ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്ക് കൈമാറുകയും തുടർന്ന് മാന്നാർ എസ്.എച്ച്.ഒ ഡി.രജീഷ് കുമാർ നടത്തിയ ചർച്ചയെത്തുടർന്ന് 7000 രൂപ ഹാരിസിന് തിരികെ നൽകുകയുമായിരുന്നു.