ആലപ്പുഴ: ജില്ലാ കോടതി പാലം പൊളിച്ചതോടെ പ്രധാന സമാന്തരപാതകളിലൊന്നായി ഉപയോഗിക്കുന്ന ഉജ്ജയിനി ക്ഷേത്രത്തിന് സമീപമുള്ള റോഡ് നന്നാക്കാതെ അധികൃതർ. കോടതി പാലം പൊളിക്കുന്നതിന് മുമ്പേ ദുർബലമായിരുന്ന റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടിയോടെ കൂടുതൽ ശോചനീയാവസ്ഥയിലാണ്. ആലപ്പുഴ മിനി സിവിൽ സ്റ്റേഷന് കിഴക്ക് വശത്ത് നിന്നാരംഭിച്ച്, കിടങ്ങാംപറമ്പ് - തത്തംപള്ളി റോഡിലേക്ക് എത്തിച്ചേരുന്നതാണ് ഈ പാത. നഗരത്തിന്റെ വടക്കൻ മേഖലയിലേക്ക് പോകുവാൻ ഇരുചക്രവാഹനങ്ങളും കാറുകളുമാണ് പ്രധാനമായും ഈ വഴി പ്രയോജനപ്പെടുത്തുന്നത്. റോഡിന്റെ വീതിയുടെ സിംഹഭാഗവും പൂർണമായി തകർന്നു കിടക്കുന്ന സ്ഥിതിയാണ് ഉജ്ജയിനി ക്ഷേത്രത്തിന് സമീപം കാണാനാകുന്നത്. ഹൗസ് ബോട്ട് യാത്രയ്ക്കെത്തുന്ന വിദേശീയരായ സഞ്ചാരികൾ ഉൾപ്പടെ ഈ വഴിയാണ് കടന്നുപോകുന്നത്. സൈക്കിളിൽ പോകുന്ന സ്കൂൾ കുട്ടികൾ, റോഡിലെ കുഴിയിൽ തട്ടി വീഴുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
..................
''നിരന്തരം പരാതികൾ ഉണ്ടായിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടി ആരംഭിക്കും
-എൻ.ഷിജീർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി