vsb

ഹരിപ്പാട് : ഓണം സ്പെഷ്യൽ ഡ്രൈവ് സംയുക്ത പരിശോധന നടത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ എന്നിവ തടയുന്നതിനായി പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത സ്ക്വാഡ് കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. പലചരക്ക്, പച്ചക്കറി, ഹോട്ടലുകൾ, ബേക്കറി തുടങ്ങിയ 28 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമാനുസൃതം ത്രാസ് പതിക്കാത്തതും, ലൈസൻസ് ഇല്ലാത്തതും, പാക്കിംഗ് സ്റ്റിക്കർ ഇല്ലാത്തതുമായി 5 സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴ ഈടാക്കുകയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 4 വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തിട്ടുണ്ടോ എന്ന പരിശോധനയ്ക്കായി അരിപ്പൊടി, വിവിധ ഇനം ശീതളപാനീയങ്ങൾ, കടുക്, മുളകുപൊടി തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ,താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മഹേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർ ഹേമാംബിക എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്.ശ്രീകല, മുഹമ്മദ് മദീന, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് വിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.