അമ്പലപ്പുഴ: ദേശീയപാതയിലെ സർവീസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് പത്രം ഏജന്റിന് പരിക്ക്. കേരളകൗമുദി പുറക്കാട് തൈച്ചിറ ഏജന്റ് തുരുത്തുമാലിൽ ടി.പി.ജോസഫിനാണ് (ബെൻസി മോൻ- 4 2) പരിക്കേറ്റത്. ബെൻസി മോന്റെ തോളെല്ലിനും വലതുകൈയ്യുടെ തള്ളവിരലിനും പൊട്ടലുണ്ട്. പത്രവിതരണത്തിനിടെ വെളളിയാഴ്ച രാവിലെ പുറക്കാട് പഴയങ്ങാടിക്കു സമീപമായിരുന്നു അപകടം. ഇരു ചക്രവാഹനയാത്രക്കാർക്ക് ഭീഷണിയായി റോഡിൽ ഏറെ നാളായി കുഴി രൂപപ്പെട്ടിരുന്നു.ഇരു ചക്രവാഹനയാത്രക്കാർ ഇവിടെ തെന്നി വീഴുന്നത് നിത്യസംഭവമാണ്. പരിക്കേറ്റ ജോസഫിനെ കോൺഗ്രസ് നേതാവ് സി.പ്രദീപ് തന്റെ കാറിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.