ആലപ്പുഴ: ക്യാൻവാസുകളിലേക്ക് വള്ളംകളിയുടെ ആഘോഷം അവാഹിച്ച് കുരുന്നു കലാകാരൻമാർ. നെഹ്റുട്രോഫി വള്ളം കളിക്ക് മുന്നോടിയായി നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സര വേദിയിലാണ് വിദ്യാർഥികൾ.
ആവേശത്തിന്റെ നിറം ചാലിച്ച് ക്യാൻവാസിൽ പ്രതിഭ വിരിയിച്ചത്. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് സ്‌കൂൾ മുറ്റത്തായിരുന്നു കുട്ടികളുടെ കലാവേദി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായാണ് നിറച്ചാർത്ത് മത്സരം സംഘടിപ്പിച്ചത്. മത്സരം പി.പി ചിത്തരഞ്ജൻ എം.എൽ.എ ചിത്രം വരച്ച് നിറം ചാർത്തി ഉദ്ഘാടനം ചെയ്തു. എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കളറിംഗ് മത്സരവും യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ കെ.കെ ജയമ്മ അധ്യക്ഷയായി. എ.ഡി.എം ആശാ സി .എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ അബ്ദുൾസലാം ലബ്ബ, ജലാൽ അമ്പനാകുളങ്ങര,അഡ്വ. ജി.മനോജ്കുമാർ, രമേശൻ ചെമ്മാപറമ്പിൽ, പി.കെ. ബൈജു, അസിസ്റ്റന്റ് എഡിറ്റർ ടി.എ.യാസിർ തുടങ്ങിയവർ സംസാരിച്ചു.