alappuzha-

ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവം പൂർണ്ണമായും ഹരിതചട്ടം പാലിച്ച് സേവ് വേമ്പനാട് സന്ദേശത്തോടെ നടപ്പിലാക്കുന്നതിന് ആലപ്പുഴ നഗരസഭ തീരുമാനിച്ചു. എയ്ഡ് പോസ്റ്റ് പാലം മുതൽ കിഴക്കോട്ട് ഫിനിഷിംഗ് പോയിന്റ് വരെയും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പരിസരവും സ്റ്റാർട്ടിംഗ് പോയിന്റ് പരിസരവും ഗ്രീൻ സോണായി പ്രഖ്യാപിക്കും. പവലിയനിലും ഗ്യാലറിയിലും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാലാണന്ന് ഉറപ്പു വരുത്തും. പരസ്യ നോട്ടീസുകൾ ഗ്രീൻ സോണിൽ പൂർണ്ണമായും ഒഴിവാക്കും.ജലമേളക്ക് ശേഷം ജനപ്രതിനിധികൾ, നഗരസഭ ജീവനക്കാർ, തൊഴിലാളികൾ, ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിൽ പവലിയനും, റോഡും ശുചീകരിച്ച് വൃത്തിയാക്കും.

നഗരസഭയുടെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന് ജലോത്സവ പ്രേമികൾ പൂർണ്ണമായി സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത എന്നിവർ ആവശ്യപ്പെട്ടു.

..............

# പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കും

ഗ്രീൻസോണിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി നിരോധിക്കും.

 കുടിവെള്ള കുപ്പികൾ, ഭക്ഷണപൊതികൾ, സ്നാക്സ് പാക്കറ്റ് എന്നിവയിൽ സ്റ്റിക്കറുകൾ പതിച്ച് 20 രൂപ ഈടാക്കും.

 അന്നേദിവസം ജലോത്സവം കഴിഞ്ഞ് സ്റ്റിക്കർ പതിച്ച കുപ്പികൾ, പാക്കറ്റുകൾ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് തുക തിരികെ നൽകും.

 ഗ്രീൻ സോൺ മേഖലയിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് താത്കാലിക ബിന്നുകൾ സ്ഥാപിച്ച് ബിന്നുകൾക്ക് സമീപം ഹരിതകർമ്മസേന, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.സി.സി എന്നിവരുടെ സേവനം ഉറപ്പാക്കും.