mathoor

ആലപ്പുഴ : പതിവിലും നേരത്തെ എത്തിയ കാലവർഷം മൂന്നുമാസം തകർത്തുപെയ്തിട്ടും നെടുമുടി പഞ്ചായത്തിലെ മാത്തൂർ പാടത്തെ പുറംതോട്ടിൽ വെള്ളമില്ലാത്തത് കൃഷിയെ പ്രതിസന്ധിയിലാക്കുന്നു. എക്കലും പാഴ്ച്ചെടികളും നിറഞ്ഞ് നീരൊഴുക്ക് നിലച്ച തോട് വറ്റി വരണ്ടതിനാൽ രണ്ടാംകൃഷിയുടെ വിതയ്ക്ക് പിന്നാലെ കളനാശിനി പ്രയോഗത്തിനും വെള്ളം കയറ്റിയിടാൻ കഴിയാത്ത സ്ഥിതിയാണ്. നെടുമുടി പഞ്ചായത്തിലെ 6,5,15 വാർഡുകളിൽ 513ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന മാത്തൂർ പാടത്തിന്റെ പുറത്തുകൂടി കടന്നുപോകുന്ന തോട് മണ്ണും മാലിന്യങ്ങളും മൂടി ഒഴുക്ക് നിലച്ച് പാഴ്ചച്ചെടികൾ മൂടികിടക്കുകയാണ് ഇപ്പോൾ. 255ഓളം കർഷകരാണ് പാടത്ത് നെൽകൃഷി ചെയ്യുന്നത്. ഇത്തവണ വിതച്ച് 20-25 ദിവസം പിന്നിടുന്ന പാടത്ത് കള നശിപ്പിച്ചശേഷം വേണം ആദ്യഘട്ട വളപ്രയോഗം.

പാടശേഖരത്തിന്റെ വിസ്തൃതി

513

ഒഴുക്കുനിലച്ച് തോട്

 രണ്ടാം കൃഷി ഏതെങ്കിലും വിധത്തിൽ പൂർത്തീകരിക്കാമെന്ന് കരുതിയാലും പുഞ്ചകൃഷി സീസണിൽ വെള്ളമുണ്ടെങ്കിലേ ഇവിടെ കൃഷി സാദ്ധ്യമാകൂ

 17 കിലോമീറ്ററോളം ചുറ്റി കറങ്ങികിടക്കുന്ന തോടിന്റെ മുക്കാൽ ഭാഗവും നികന്ന നിലയിലാണ് ഇപ്പോൾ

 തോട്ടിലെ മണ്ണുംമാലിന്യങ്ങളും നീക്കി പൂക്കൈതയാറിൽ നിന്ന് വെള്ളം കയറ്റിയിറക്കാനുള്ള സൗകര്യം സജ്ജമാക്കിയാലേ കൃഷി സുഗമമാകുകയുള്ളൂ

നെടുമുടിയിലെ ഏറ്രവും വലിയ പാടശേഖരമാണിത്. മാത്തൂർ തോട്ടിലെ മണ്ണും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കിയാലേ ഇവിടെ ഇനി കൃഷി സാദ്ധ്യമാകൂ

- തോമസ്, കർഷകൻ, മാത്തൂർ പാടം