ആലപ്പുഴ: 59 മത് മാന്നാർ മഹാത്മ ഗാന്ധി ജലോത്സവം സെപ്റ്റംബർ 1 ന് ഉച്ചക്ക് 2 ന് മാന്നാർ കുര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ദേശീയ നേതാക്കളും സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ പതിനായിരങ്ങൾ ജലമേള കാണുവാൻ എത്തിച്ചേരും.

നെഹ്റു ട്രോഫി മത്സരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും, 9 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും ഉൾപ്പെടെ 50ൽപ്പരം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വി.വി.ഐ.പി.പവലിയൻ കൂടാതെ മറ്റൊരു താൽക്കാലിക പവലിയൻ കൂടി വിശിഷ്ടാതിഥികൾക്കായി നിർമ്മിക്കുന്നുണ്ട്. നെട്ടായത്തിലെ വലിയ വളവ് ഒഴിവാക്കുവാൻ 300 മീറ്റർ മുന്നോട്ട് നീക്കിയാണ് ഇത്തവണ സ്റ്റാർട്ടിംഗ് പോയിൻ്റ് ഒരുക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

ഒന്നാമത് എത്തുന്ന ചുണ്ടൻ വള്ളത്തിന് മഹാത്മാ ഗാന്ധി ട്രോഫിയും, ഒന്നാമത് എത്തുന്ന എ ഗ്രേഡ് വെപ്പ് വെള്ളത്തിന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഓണക്കാല ജലമേളയ്ക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയെന്ന നിലയിൽ വടംവലി, കസേരകളി, അത്തപ്പൂവിടൽ, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

പത്ര സമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ. എൻ. ഷൈലാജ്, ജനറൽ സെക്രട്ടറി ടി. കെ. ഷാജഹാൻ, സെക്രട്ടറി സോമരാജ്, സുരേഷ് മറുകര, അജോയ് കുടപ്പിലാരിൽ തുടങ്ങിയവർ പങ്കെടുത്തു.