gzh

ഹരിപ്പാട് : പൊട്ടിത്തകർന്നു കിടക്കുന്ന മുതുകുളം ഉമ്മർമുക്ക് -ചക്കിലിക്കടവ് റോഡിന്റെ പുനർനിർമ്മാണ ജോലികൾ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. ഫിഷറീസ് വകുപ്പ് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന (നോൺ പ്ലാൻ) പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും തുടർ ജോലികളൊന്നും നടത്താനായിട്ടില്ല.

ഉമ്മർമുക്കിനു പടിഞ്ഞാറ്, ഞവരക്കൽ, വഴിയമ്പലം, കറുത്തേരി മുക്ക് ഭാഗങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉമ്മർമുക്കു മുതൽ പടിഞ്ഞാറോട്ട് ഇരുന്നൂറു മീറ്ററോളം നീളത്തിലും ഞവരക്കൽ ഭാഗത്തും റോഡ് നാമാവശേഷമായി. ഇവിടെ അപകടത്തിൽപ്പെട്ട പ്രദേശവാസിയായ തുണ്ടിൽ ഭാസ്‌കരൻ വെളളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.

കായംകുളം-കാർത്തികപ്പളളി റോഡിലേക്ക് കയറുന്നിടത്തും കുഴിയുണ്ട്. കായംകുളം-കാർത്തികപ്പളളി റോഡിൽ നിന്ന് തീരദേശത്തേക്കുളള പ്രധാന പാതകളിലൊന്നാണിത്. കുരുംബകര ദേവീക്ഷേത്രത്തിലേക്കു പോകുന്ന ഭക്തരും വിദ്യാർഥികളുമടക്കം നൂറുകണക്കിനു പേർ ദിവസവും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ അവസ്ഥ കാരണം, കുരുംബകര ദേവീക്ഷേത്രത്തിലേക്ക് ഉത്സവ കെട്ടുകാഴ്ചകൾ എത്തിക്കാൻ നാട്ടുകാർ വളരെയധികം കഷ്ടപ്പെടേണ്ടി വന്നിരുന്നു.

വെള്ളക്കെട്ടിൽ യാത്രക്കാർക്ക് ദുരിതം

 ആറു വർഷം മുൻപ് ഈ റോഡ് പുനർനിർമ്മിച്ചെങ്കിലും അധികം കഴിയുന്നതിനു മുമ്പ് തകർന്നു തുടങ്ങി

 മതിയായ ഓട സംവിധാനമില്ലാതെയാണ് റോഡു പുനർനിർമ്മിച്ചതെന്ന പരാതി അന്ന് ഉയർന്നിരുന്നു

 ഞവരയ്ക്കൽ റോഡ് താഴ്ന്നു കിടക്കുന്നതിനാൽ ഈ ഭാഗം മഴക്കാലത്ത് വെളളത്തിൽ മുങ്ങും

വെളളക്കെട്ടിനൊപ്പം മെറ്റലും ഇളകി പരന്നു കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു

 ഇരുചക്രവാഹനയാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്

ഓട സംവിധാനമില്ലാതെ മുമ്പ് റോഡ് പുനർനിർമ്മിച്ചതാണ് ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത്

- നാട്ടുകാർ