ആലപ്പുഴ :വള്ളംകളി , ഓണം എന്നിവ കണക്കിലെടുത്ത് നഗരത്തിലെ ഗതാഗതക്കുരുക്കും തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായി കോടതിപ്പാലത്തിന്റെ വടക്കേക്കരയിലെ റോഡ് സഞ്ചാരയോഗ്യമാക്കുന്ന ജോലികൾ ഇന്ന് ആരംഭിക്കും. നഗരചത്വരത്തിനും മിനി സിവിൽ സ്റ്രേഷനും മുന്നിൽ ഇന്ന് ടൈലുകൾ പാകി തുടങ്ങും. മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം.

നഗരചത്വരത്തിന് മുന്നിൽ പബ്ളിക് ലൈബ്രറി വരെയും മിനിസിവിൽ സ്റ്റേഷൻ ഭാഗത്തുമാണ് റോഡ് ടൈൽ ചെയ്യുന്നത്. രണ്ടുവരി ഗതാഗതം സുഗമമാക്കാനുള്ള സ്ഥലപരിമിതിയ്ക്ക് ഇതോടെ പരിഹാരമാകും. കനാൽക്കരകളിൽ നിർമ്മാണത്തിനും ഗതാഗതത്തിനും തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുന്ന ജോലികളും പൂർത്തിയായിവരികയാണ്. ഔട്ട് പോസ്റ്റ് മുതൽ കോടതിപ്പാലം വരെ തെക്കേക്കരയിലെ പോസ്റ്റുകൾ നീക്കി തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പോസ്റ്രുകൾ മാറ്രുന്ന ജോലി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതിനുശേഷം ഇതുവഴി ചെറിയ വാഹനങ്ങൾ കൂടുതലായി കടന്നുപോകാൻ സൗകര്യമൊരുക്കും.

കനാലിന്റെ തെക്കേക്കരയിൽ ഔട്ട്പോസ്റ്റ് മുതൽ വൈ.എം.സി.എ വരെ നിലവിൽ ചെറുവാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും പൈലിംഗ് ജോലികളും നടക്കുന്നുണ്ട്. നെഹ്രുട്രോഫി വളളം കളിയോടനുബന്ധിച്ച് 29,30 തീയതികളിൽ പൈലിംഗ് നിർത്തി വച്ച്,​ ബാരിക്കേഡുകൾ അൽപ്പം മാറ്റി ഗതാഗതം കുറച്ചുകൂടി ഇവിടെ സൗകര്യപ്രദമാക്കാനാണ് തീരുമാനം.

വള്ളംകളി ദിവസം പുന്നമട, ഔട്ട് പോസ്റ്റ് ഭാഗത്തെ തിരക്ക് കണക്കിലെത്ത് നിർമ്മാണസ്ഥലം ബാരിക്കേഡ് ഉപയോഗിച്ച് ബന്തവസാക്കി ചെറുവാഹനങ്ങൾ രണ്ടുവരിയായി പോകത്തക്ക വിധം ക്രമീകരണമൊരുക്കാനാണ് ആലോചന. ഓണത്തിരക്ക് കണക്കിലെടുത്ത് സെപ്തംബർ 2 മുതൽ തിരുവോണം വരെയും ഇത്തരത്തിൽ വാഹനങ്ങൾ കടത്തിവിടാമെന്നാണ് കരുതുന്നത്.

കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ

സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്ന്

നിലവവിൽ നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമായ കല്ലുപാലം, ഇരുമ്പ് പാലം , ഔട്ട് പോസ്റ്റ് എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആലപ്പുഴവഴി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക് വരുന്നതിന് പകരം പിച്ചു അയ്യർ, വൈ.എം.സി.എ വഴി സ്വകാര്യ ബസ് സ്റ്റാന്റിലെത്തി അവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാനുള്ള പൊലീസിന്റെ നിർദേശം ഓണത്തോടനുബന്ധിച്ച് നടപ്പാക്കിയേക്കും. ഇപ്പോൾ കുരുക്കിലകപ്പെട്ടുണ്ടാകുന്ന സമയ, ഇന്ധന നഷ്ടങ്ങൾ കുറയ്ക്കുന്നതിന് കെ.എസ്.ആർ.ടി.സിയും ഇതിനെ അനുകൂലിക്കുന്നുണ്ട്രം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനം കൈക്കാള്ളും

ദീർഘദൂര സർവീസുകൾ പിച്ചുഅയ്യർ ജംഗ്ഷനിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാന്റിലെത്തി പോകണമെന്ന നിർദേശം ഗതാഗത കുരുക്കും സമയനഷ്ടവും ഒഴിവാക്കാൻ സഹായകമാണ്. കൺട്രോളിംഗ് ഇൻസ്പെക്ടറുടെ സഹായത്തോടെ സർവീസുകൾ മോണിട്ടർ ചെയ്യാൻ സൗകര്യം ഒരുക്കിയാൽ യാത്രക്കാർക്കും അത് ഉപകാരപ്രദമായിരിക്കും

- സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി ആലപ്പുഴ