മാന്നാർ : പരുമല ദേവസ്വം ബോർഡ്‌ പസാ കോളജിൽ ഗണിത ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ്, ഇൻഡസ്ട്രി ആൻഡ് ഫിനാൻസ് 2025 ഇന്നും നാളെയും നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ പമ്പാ മാത്തൻസ് സ്പോൺസർ ചെയുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഗണിത ശാസ്ത്ര പൂർവ വിദ്യാർത്ഥിയും ഗോവ സർവകലാശാല വൈസ് ചാൻസിലറുമായ പ്രൊഫസർ ഡോ.ഹരിലാൽ ബി.മേനോൻ നിർവഹിക്കും. ഇന്ന് ഗണിത ശാസ്ത്ര വിഭാഗം പൂർവ വിദ്യാർത്ഥികൾ കണക്കു പുസ്തകം 1998-2001 ബാച്ച് ചേർന്ന് കോളേജ് ക്യാമ്പസിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിനു ചുറ്റുമതിൽ കെട്ടി പമ്പാ ബോധി എന്ന് നാമകരണം ചെയ്ത് സംരക്ഷിക്കുകയും, ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്റെ ഭാഗമായി ജ്ഞാന ബുദ്ധ പ്രതിമ സമർപ്പിക്കുകയും ചെയ്യും. കേരള ഗവ.പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം നിർവഹിക്കുന്ന ഈ ചടങ്ങിൽ കോളേജിലെ വിദ്യാർത്ഥികൾക്കായുള്ള പഠന സഹായ വിതരണവും, 2024-2025 വർഷത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാല ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. കേരള സർക്കാരിന്റെ നൈപുണി വികസനതിന്റെ ഭാഗമായി അന്തർദേശീയ സർട്ടിഫിക്കേഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും ഇതോടൊപ്പം നടക്കുമെന്ന് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ.എസ്.സുരേഷ്, ഗണിത ശാസ്ത്ര വിഭാഗം മേധാവി എം.എസ് ഉണ്ണി, എ.ഐ കോൺഫറൻസ് കോർഡിനേറ്റർ ഡോ.ദീപ എസ്.നായർ, ആർ. കിഷോർ, വിഷ്ണു, ഡോ.വി.പ്രകാശ്, അനു അനന്തൻ, ശ്രീജേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.