ചേർത്തല: കുവൈറ്റിൽ ഏജന്റിന്റെ കെണിയിൽപെട്ടു കുടുങ്ങിയ സ്ത്രീക്കു കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടലിൽ മോചനം. ചേർത്തല കുറുപ്പംകുളങ്ങര സ്വദേശിനി കവിതാവിശ്വനാഥനാണ് അപ്രതീക്ഷിതമായകപ്പെട്ട കുരുക്കിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയത്. ഏജന്റിടപ്പെട്ടാണ് മൂന്നുമാസം മുമ്പ് കവിതയെ കുവൈറ്റിൽ ആയയായി ജോലിക്കു കൊണ്ടു പോയത്. ചെന്ന ഉടനെ ജോലിക്കുകയറാനായി.എന്നാൽ മുന്നു മാസം പിന്നിട്ടപ്പോൾ നാട്ടിൽ അമ്മ വീണ് ഗുരുതര പരിക്കേറ്റതിനാൽ നാട്ടിലേക്കുമടങ്ങാനുള്ള നീക്കമാണ് ഏജന്റുമായി തർക്കത്തിനിടയാക്കിയത്. തൊഴിലുടമ അനുവദിച്ചെങ്കിലും ഏജന്റ് മടക്കി അയക്കാൻ മൂന്നുലക്ഷം ആവശ്യപ്പെട്ടു. ഇതിനു വഴിയില്ലാതെ വന്നതോടെ ഇവരെ തൊഴിലാളി ക്യാമ്പിൽ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണമടക്കം നൽകാത്ത സ്ഥിതിയുണ്ടായി. ഫോൺ ചെയ്യാൻ പോലും അനുവദിച്ചില്ല. ഒമ്പതു ദിവസമായിരുന്നു നരകവാസം.
ഭർത്താവ് വിശ്വനാഥനടക്കമുള്ളവർ മഹിളാകോൺഗ്രസ് നേതാക്കൾ വഴിയാണ് വിഷയം കെ.സി. വേണുഗോപാലിനു മുന്നിലെത്തിച്ചത്. തുടർന്ന് എം.പി എംബസി വഴി നടത്തിയ ശ്രമത്തിൽ ആദ്യം ഇവരെ തൊഴിലാളി ക്യാമ്പിൽ നിന്നും രക്ഷിച്ച് എംബിസിയുടെ ഷെൽട്ടറിലെത്തിക്കുകയും ഏജൻസിയുടെ തന്നെ ചെലവിൽ നാട്ടിലേക്കു മടക്കുകയുമായിരുന്നു.