ആലപ്പുഴ :പതിറ്റാണ്ടിന്റെ പെരുമ പേറുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി'യുടെ അമരക്കാരനും മാന്നാർ കൃഷി ഓഫീസറുമായ ഹരികുമാറിന്റെ മാവേലിക്കര കണ്ടിയൂരിലെ വീട്ടിൽ ഇത്തവണ പച്ചക്കറിയ്ക്കൊപ്പം 'ഓണത്തിനൊരുകൂടപ്പൂവും' റെഡി. പച്ചക്കറിത്തൈകൾക്കൊപ്പം കീടനിയന്ത്രണത്തിനുള്ള കെണിവിളയായി നട്ട ബന്ദി തൈകളാണ് പൂത്തുലഞ്ഞത്. ഓരോ പച്ചക്കറിത്തൈയ്ക്കുമൊപ്പം നട്ട ബന്ദി തൈകളും പരിലാളനകളേറ്റുവളർന്നപ്പോൾ ലഭ്യമായത് അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാനുള്ള പൂക്കളാണ്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഹരികുമാർ 2016ൽ അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാറിന് സമർപ്പിച്ച പദ്ധതിയാണ് ഇന്ന് കേരളമാകെ വിജയകരമായി നടപ്പാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി ' . വീട്ടിൽ നടപ്പാക്കിയ പദ്ധതി , 2015ൽ മാന്നാർ അസി. കൃഷി ഓഫീസറായിരിക്കെ ഫേസ് ബുക്കിലെ വിവിധ കാർഷിക ഗ്രൂപ്പുകളിലംഗങ്ങളായ പതിനായിരത്തിലധികം കുടുംബങ്ങളിലൂടെ പരീക്ഷിച്ച് വിജയിച്ചശേഷമാണ് നാടാകെ വ്യാപിപ്പിക്കാൻ സർക്കാർ സഹായം തേടിയത്.
2017ൽ സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരും ആശയവും ഹരികുമാറിന്റേതാണ്. ഹരിതം ജീവനം, ഹരിതാങ്കണം എന്നീ പദ്ധതികളും ഹരികുമാറിന്റെ ആശയമായിരുന്നു. ആയിരക്കണക്കന് ഫോളോവേഴ്സുള്ള ഹരികുമാർ മാവേലിക്കരയെന്ന തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ വിവരിക്കുന്നത് കൃഷിയെ പിന്തുടരാൻ താൽപ്പര്യമുള്ളവർക്ക് തുണയാണ്. കാർത്തികപ്പള്ളി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ടി.എസ് പ്രതീക്ഷയാണ് ഭാര്യ. എം.എസ് സി ബയോ കെമിസ്ട്രിക്ക് ശേഷം ബംഗളുരുവിൽ ജോലി നോക്കുന്ന അഞ്ജലിയും ബി.സി.എ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥി ആദിത്യനുമാണ് മക്കൾ.
മുറവും പച്ചക്കറിയുമായി പറമ്പിലൂടെ നടക്കുന്ന അമ്മയിൽനിന്ന് പകർന്നു കിട്ടിയ കൃഷിപാഠങ്ങളാണ് കരുത്ത്. ഇത് ഉപജീവനമല്ല ജീവിതം തന്നെയാണ്
- ഹരികുമാർ, മാന്നാർ കൃഷി ഓഫീസർ