ആലപ്പുഴ: കാലവർഷവും മണ്ണ് ക്ഷാമവവും കാരണം നിർമ്മാണം നിലച്ചിരുന്ന ദേശീയപാതയിലെ പറവൂർ- തുറവൂർ റീച്ചിൽ പുന്നമടയിൽ നിന്നുള്ള മണ്ണെത്തി തുടങ്ങിയതോടെ നിർമ്മാണം ഉഷാറായി. വലിയകലവൂർ കെ.എസ്.ഡി.പിയ്ക്ക് സമീപത്തെ അടിപ്പാതയുടെ അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയായി. നിലവിൽ സർവീസ് റോഡുവഴിയുള്ള ഗതാഗതം ഇനി അടിപ്പാതയ്ക്ക് മീതെ പണികഴിപ്പിച്ച ആറുവരിപ്പാത വഴിയാക്കും.
അടിപ്പാത ഗതാഗതത്തിന് തുറന്നുകിട്ടുന്നതോടെ ദേശീയ പാതയിലെ സർവീസ് റോഡുവഴിയുള്ള വട്ടംചുറ്റൽ ഒഴിവാകും.മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് നിവാസികൾക്ക് ഇത് സഹായകമാകും. ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുള്ളവർ നിലവിലെ സർവീസ് റോഡ് വഴി അരകിലോമീറ്ററിലധികം വശങ്ങളിലേക്ക് സഞ്ചരിച്ചാണ് ആലപ്പുഴ , ചേർത്തല റൂട്ടുകളിലേക്ക് പോയിക്കൊണ്ടിരുന്നത്. പുന്നമടയിൽ നിന്ന് ഖനനം ചെയ്ത മണ്ണെത്തിച്ചാണ് കെ.എസ്.ഡി.പി ജംഗ്ഷനിലെ അടിപ്പാതയുടെ അപ്രോച്ച് റോഡുകൾ പൂർത്തിയാക്കിയത്.
മണ്ണിന്റെ കുറവിന് പരിഹാരം
തുമ്പോളി, പൂങ്കാവ്, പാതിരപ്പള്ളി, കലവൂർ എന്നിവിടങ്ങളിലായി നാല് അടിപ്പാതകളുടെ അപ്രോച്ച് റോഡുകളുടെ നിർമ്മാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്
മണ്ണ് ക്ഷാമമാണ് നിർമ്മാണത്തിന് തടസമായത്. കാലവർഷം കണക്കിലെടുത്തും ഡ്രഡ്ജറിന്റെ തകരാറ് കാരണവും പുന്നമടയിൽ മണൽ ഖനനം നിർത്തിവച്ചിരുന്നു
കഴിഞ്ഞ ദിവസം ഖനനം പുനരാരംഭിച്ചതോടെ വരും ദിവസങ്ങളിൽ ഇവിടെയും റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് എത്തിച്ചേരുമെന്നാണ് കരുതുന്നത്
റോഡിന്റെ പാർശ്വഭിത്തികളുടെയും ഡിവൈഡറിന്റെയും നിർമ്മാണവും വഴിവിളക്കുകൾ സ്ഥാപിക്കലുമാണ് ഇനി ശേഷിക്കുന്നത്.