ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ കയർ തൊഴിലാളികളുടെ പെൺമക്കൾക്ക് ഉപരി പഠനത്തിനുള്ള സ്‌കോളർഷിപ്പ് പദ്ധതിക്ക് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പെൺകുട്ടികളിൽ 100 പേർക്ക് 10,000 രൂപ പ്രകാരം ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പായാണ് തുക അനുവദിച്ചത്. കയർ തൊഴിലാളികൾക്കായി രണ്ട് ലക്ഷം രൂപ കവറേജ് വരുന്ന അപകടമരണ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനും സർക്കാർ ഭരണാനുമതി നൽകി. ക്ഷേമനിധി അംഗങ്ങൾക്കായി നടപ്പാക്കുന്ന രണ്ടു പദ്ധതികൾക്കുമായി ആകെ 27.40 ലക്ഷം രൂപയാണ് ഓണക്കാലത്ത് സർക്കാർ അനുവദിച്ചത്. ക്ഷേമനിധിയിൽ അംഗത്വമുള്ള നിലവിൽ കുടിശ്ശിക കൂടാതെ ക്ഷേമനിധി വിഹിതം ഒടുക്കി വരുന്ന എല്ലാ അംഗങ്ങളെയും ഇൻഷുറൻസ് പദ്ധതിക്കും സ്‌കോളർഷിപ്പിനുമായി പരിഗണിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.