photo

ചാരുംമൂട് : കൊല്ലം - തേനി ദേശീയപാതയ്ക്കരികിലെ അനധികൃത തടിക്കച്ചവടം കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചാരുംമൂട് ജംഗ്ഷന് തെക്കുവശത്തായാണ് ദേശീയപാതയുടെ ഒരു വശത്ത് തടികൾ കൂട്ടിയിട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് വെട്ടിയ തടി ചെറിയ വണ്ടികളിൽ എത്തിച്ചാണ് റോഡിൽ കൂട്ടിയിടുന്നത്. രാത്രിയിൽ വലിയ ലോറികൾ എത്തിച്ച് അതിൽ കയറ്റിക്കൊണ്ടുപോവുകയാണ് പതിവ്. ഏഴ് മീറ്റർ മാത്രം വീതിയുള്ള ദേശീയപാത 183 ന്റെ ഈ ഭാഗം ഏറ്റവും അപകടസാദ്ധ്യതയുള്ള സ്ഥലമാണ്. 100 മീറ്റർ മാത്രം അകലെയുള്ള ബാറിൽ നിന്ന് ദേശീയ പാതയിലേക്ക് ഇറങ്ങുന്ന ഇടറോഡ് കടന്നുവരുന്ന ഭാഗം കൂടിയായതിനാൽ സാധാരണയിൽ അധികം തിരക്ക് ഈ ഭാഗത്തുണ്ട്.

പ്രഭാത സവാരിക്കാരും ബുദ്ധിമുട്ടുന്നു

 വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരും പ്രഭാതസവാരി നടത്തുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്

 റോഡരികിലെ തടിക്കച്ചവടവും റോഡ് കൈയേറ്റവും അടിയന്തരമായി നിർത്തലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 റോഡിന്റെ വശങ്ങൾ മീൻ വില്പനക്കാരടക്കമുള്ളവർ കൈയടക്കിയിരിക്കുന്നത് ഈ ഭാഗത്ത് തിരക്ക് കൂട്ടും

 മീൻ ഉൾപ്പെടെ വാങ്ങാൻ യാത്രക്കാർ വാഹനങ്ങൾ നിറുത്തുന്നതിനാൽ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്

തിരക്കേറിയ റോഡിന്റെ ഒരുഭാഗത്ത് കൂടി കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. അനധികൃത റോഡ് കയ്യേറ്റവും, തടി കച്ചവടവും അടിയന്തരമായി ഒഴിപ്പിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം.

-ദീപ ജ്യോതിഷ്, വാർഡ് മെമ്പർ