മാന്നാർ: ജൈവപച്ചക്കറി കൃഷിയിലെ നൂറുമേനിക്ക് പിന്നാലെ പൂകൃഷിയിലും വിജയം വരിച്ചിരിക്കുകയാണ് മാന്നാർ കുട്ടംപേരൂർ തട്ടാരുപറമ്പിൽ സുബ്രഹ്മണ്യനും ഭാര്യ രശ്മിയും. ഇവരുടെ കൃഷിയിടത്തിൽ വിരിഞ്ഞ ബന്ദിപ്പൂക്കളും വാടാമല്ലിയും ഇത്തവണ ഓണം കളറാക്കും.
പരേതരായ കൊച്ചുകൃഷ്ണന്റെയും കമലമ്മയുടെയും ഏകമകനായ സുബ്രഹ്മണ്യന് പിതാവിൽ നിന്നും പകർന്നു കിട്ടിയതാണ് കൃഷിയോടുള്ള സ്നേഹം. മാന്നാർ ബസ് സ്റ്റാൻഡിനു തെക്ക് ടർഫ്കോർട്ടിന് സമീപം സുധാ ചന്ദ്രൻപിള്ള സൗപർണ്ണികയുടെ ഒരേക്കർ ഭൂമി പാട്ടത്തിനെടുത്താണ് സുബ്രഹ്മണ്യന്റെ പച്ചക്കറി, പൂകൃഷി. ഗോമൂത്രവും ചാണകവും ആണ് വളമായി ഉപയോഗിക്കുന്നത്. വിത്തുകൾ പാകി കിളിർപ്പിച്ച് നീളത്തിൽ വരിവരിയായി നട്ടുപിടിപ്പിച്ച് ചിട്ടയായി നടത്തുന്ന വെണ്ട, പാവൽ, പയർ, പടവലം, കുക്കുമ്പർ, കപ്പ തുടങ്ങിയ കൃഷികളോടൊപ്പം അവയ്ക്കിടയിലായിലായി ബന്ദിയും വാടാമുല്ലയും വർണങ്ങൾ വിരിച്ച് നിൽക്കുന്നത് നയനാനന്ദകരമാണ്.
ചേർത്തലയിൽ നിന്ന് 2000 ത്തോളം ബന്ദിത്തൈകൾ വാങ്ങി നട്ടാണ് സുബ്രഹ്മണ്യൻ പൂക്കൃഷിയുംആരംഭിച്ചത്. മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാറിന്റെ നിർദ്ദേശങ്ങൾ കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യുന്നതിന് ഏറെ സഹായകരമായതായി സുബ്രഹ്മണ്യൻ പറഞ്ഞു. പീരുമേട് അയ്യപ്പാ കോളേജിൽ ബി.എസ് സി ജിയോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയായ കാർത്തികയും കുട്ടംപേരൂർ കുന്നത്തൂർ യു.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ദേവദർശുമാണ് സുബ്രഹ്മണ്യന്റെ മക്കൾ.
വിളവെടുപ്പ് നടത്തി
സുബ്രഹ്മണ്യന്റെ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ, കൃഷി ഓഫീസർ ഹരികുമാർ പി.സി, സുധീർ.ആർ, അസി.കൃഷി ഓഫീസർ ശ്രീകുമാർ.എസ്, കൃഷി അസിസ്റ്റന്റ് ദേവികനാഥ് സി.എച്ച് എന്നിവർ പങ്കെടുത്തു.
പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലി കൃഷി ചെയ്യുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ കഴിയും. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരവും പഞ്ചായത്തിന്റെ കാർഷിക വികസന പദ്ധതി പ്രകാരവുമുള്ള ആനുകൂല്യങ്ങൾ സുബ്രഹ്മണ്യന് ലഭിക്കും
- ഹരികുമാർ പി.സി, കൃഷി ഓഫിസർ