gvdgd

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ ഒന്നാം വാർഡിൽ വട്ടത്തിൽ മേരി സെബാസ്റ്റ്യനും

മകൻ സെബിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം.പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ പ്രത്യേക ഭവന പദ്ധതിപ്രകാരം സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് അവരുടെ വീട് എന്ന ചിരകാലസ്വപ്നം സാക്ഷാത്കരിച്ചത്. രണ്ടുമുറി, അടുക്കള, ഹാൾ, പൂമുഖം, ടോയ്ലറ്റ് എന്നീ സൗകര്യത്തോടെ ഒമ്പത് ലക്ഷത്തോളം രൂപ വിനിയോഗിച്ച് എട്ടു മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മന്ത്രി സജി ചെറിയാൻ വീടിന്റെ താക്കോൽ കൈമാറി. എം.എൽ.എയുടെ പ്രത്യേക ഭവന പദ്ധതിപ്രകാരം നിർമ്മിച്ചുനൽകിയ നാലാമത്തെ വീടാണിത്. അഞ്ചാമത്തെ വീടിന് അടുത്ത മാസം ആര്യാട് പഞ്ചായത്തിൽ കല്ലിടുമെന്ന് പി.പി.ചിത്തരഞ്ജൻ പറഞ്ഞു. എങ്ങനെ നന്ദി പറയണമെന്ന് അറിയാതെ കൂപ്പുകൈകളോടെ നിന്ന അമ്മയുടെയും മകന്റെയും കൈകളിലേക്ക് സ്വപ്നവീടിന്റെ താക്കോൽ മന്ത്രി സജി ചെറിയാൻ കൈമാറുമ്പോൾ പ്രദേശവാസികളും ജനപ്രതിനിധികളും സാക്ഷികളായി.

പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷയായി. ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ,​ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കെ.ബി.ബിനു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. രാജേശ്വരി, കാർഡ് ബാങ്ക് പ്രസിഡന്റ് കെ.ആർ.ഭഗീരഥൻ, അർബൻ ബാങ്ക് പ്രസിഡന്റ് ആർ.ജയസിംഹൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി.പി.ഷാജി, സി.പി.എം ഏരിയ സെക്രട്ടറി പി. രഘുനാഥ്, വളവനാട് ലോക്കൽ സെക്രട്ടറി വി.ഡി.അംബുജാക്ഷൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ അരുൺദേവ്, കൺവീനർ ഷാനു പ്രിയ എന്നിവർ പങ്കെടുത്തു.

ചോർന്നൊലിക്കുന്ന

ഷെഡിൽ നിന്ന് മോചനം

മേരിയും മകൻ സെബിനും ചോർന്നൊലിക്കുന്ന ഷെഡിലാണ് ഇത്രയും കാലം കഴിഞ്ഞിരുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാർ പദ്ധതി പ്രകാരമുള്ള വീട് ലഭിക്കില്ല. ഇതോടെ

അടച്ചുറപ്പുള്ള വീട് എന്നത് ഇവർക്ക് സ്വപ്നമായി മാറി. 27 വയസുള്ള സെബിൻ 13 വർഷം മുമ്പ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. അമ്മ മേരി ഒരു വർഷം മുമ്പ് അർബുദബാധിതയുമായി. കുടുംബത്തിന്റെ ജീവിതം മനസിലാക്കിയ പഞ്ചായത്ത്‌ അംഗം ഷാനു പ്രിയയും സി.പി.എം വളവനാട് ലോക്കൽ സെക്രട്ടറി വി.ഡി. അംബുജാക്ഷനും ലോക്കൽ കമ്മിറ്റി അംഗം കെ.ബി.ബിനുവും ചേർന്ന് എം.എൽ.എ യോട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അരുൺദേവ് ചെയർമാനും പഞ്ചായത്ത് അംഗം ഷാനുപ്രിയ കൺവീനറുമായി വീട് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. ജനുവരിയിൽ ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ വീടിന് കല്ലിട്ടു. ഇപ്പോൾ ഓണസമ്മാനമായി വീട് കൈമാറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകർ.