ph

കായംകുളം :കായംകുളം നഗര ഹൃദയത്തിലൂടെ ഒഴുകി കരിപ്പുഴ തോട്ടിൽ എത്തുന്ന ഒഴുക്കു നീറ്റിൽ തോട്ടിൽ മാലിന്യങ്ങൾ കുന്നുകൂടി ഒഴുക്ക് തടസപ്പെട്ടു. കോളേജ് ജംഗ്ഷൻ - പ്രതാങ്മൂട് റോഡിന് കുറുകെ പോകുന്ന തോട്ടിൽ മാലിന്യം അടിഞ്ഞ് കൂടിയതോടെ ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു.

ഒഴുക്കുനീറ്റിൽ തോടിന് കുറുകെയുള്ള കലുങ്കിന്റെ ഭാഗത്താണ് പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടിയിട്ടിരിക്കുന്ന മാലിന്യം അടിഞ്ഞ് കൂടി കിടക്കുന്നത്. കലുങ്കിനടിയിലൂടെയുള്ള ജലഅതോറിറ്റിയുടെ പൈപ്പിലും മാലിന്യം വന്ന് തട്ടിനിൽക്കുകയാണ്. മാലിന്യം അടിഞ്ഞ് കൂടികിടക്കുന്നതിനാൽ തോട്ടിലെ നീരൊഴുക്കും കുറഞ്ഞു. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെയാണ് ഇവിടെ അടിയുന്നത്.

അറവുമാലിന്യം ഉൾപ്പെടെ തള്ളുന്നു

 സമീപമുള്ള എം.എസ്.എം കോളേജിലേക്കും നിരവധി സ്‌കൂളുകളിലേക്കും പോുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസവും ഇതുവഴി നടന്നുപോകുന്നുണ്ട്

 ദുർഗന്ധം കാരണം മൂക്ക് പൊത്തിയെ സമീപത്തെ റോഡിലൂടെ സഞ്ചരിക്കാൻ കഴിയൂ. സമീപവാസികൾ ദുർഗന്ധം കാരണം സഹികെട്ട അവസ്ഥയിലാണ്

 പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും തള്ളരുതെന്ന് കർശന നിർദേശമുണ്ടെങ്കിലും ചിലർ അത് പാലിക്കുന്നില്ല

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിൽ ബന്ധപ്പെട്ടവർ അലംഭാവം കാണിക്കുകയാണ്. മാലിന്യം തോട്ടിൽ വലിച്ചെറിയുന്നത് ശിക്ഷാർഹമാണെന്ന ബോർഡ് വച്ചതിനപ്പുറമൊന്നും നഗരസഭ ചെയ്യുന്നില്ല

- നാട്ടുകാർ