തുറവൂർ : കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലെ പടിഞ്ഞാറൻപ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് പുല്ലുവേലി തോടിന് കുറുകെ പാലം നിർമ്മിക്കണമെന്നാവശ്യം ശക്തമായി. ഇരുപഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന പുല്ലുവേലി തോടിനു കുറുകെ 60 വർഷം മുമ്പ് സ്ഥാപിച്ച സ്ലുയിസും ഇടുങ്ങിയ നടപ്പാലവുമാണ് നിലവിലുള്ളത്. സ്ലൂയിസ് പ്രവർത്തനക്ഷമവുമല്ല. വർഷങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾക്കായി അഴിച്ചുമാറ്റിയ ഷട്ടറുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടുമില്ല. ഇതുമൂലം ഓരുവെള്ള ഭീഷണിയാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. കാലപ്പഴക്കത്താൽ നടപ്പാലം തകർച്ചയുടെ വക്കിലായിട്ട് കാലമേറെയായി. കുട്ടികളടക്കം ഇരുകരകളിലുമുള്ള ജനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. തീരദേശ റെയിൽവേ പാലത്തിനരികിലാണ് സ്ലൂയിസ്, നടപ്പാലം എന്നിവയുള്ളത്.
പുല്ലുവേലി മുട്ടിന് ഇരുഭാഗത്തുമായി റോഡ് സൗകര്യം നിലവിലുണ്ട്. തോടിന് കുറുകെ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം പണിയണമെന്ന തഴുപ്പ്, എഴുപുന്ന തെക്ക് നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നടപ്പാലം തകർച്ചയിൽ
1. പുല്ലുവേലി തോടിന് കുറുകെ സ്ലുയീസ് കം ബ്രിഡ്ജ് നിർമ്മിച്ചാൽ തുറവൂർ മുതൽ എരമല്ലൂർ വരെ ദേശീയപാതയ്ക്ക് സമാന്തര റോഡ് സൗകര്യം കൂടിയാകും
2. പാലം വന്നാൽ തീരദേശ വാസികൾക്ക് റെയിൽവേ ബ്ലോക്കില്ലാതെ തുറവൂർ താലൂക്കാശുപത്രി , റെയിൽവേ സ്റ്റേഷൻ തുടങ്ങിയയിടങ്ങളിലേക്ക് വേഗത്തിൽ എത്താം
3. കോടികൾ മുടക്കി നിർമ്മിച്ച തഴുപ്പ് ടൂറിസം പാർക്കിൽ വടക്ക് ഭാഗത്തു നിന്ന് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പ്രയോജനകരമാകും.
4. തുറവൂർ - കുമ്പളങ്ങി റോഡിന് സമാന്തര പാതയായി എഴുപുന്ന ശ്രീനാരായണപുരം മുതൽ തുറവൂർ റെയിൽവേ സ്റ്റേഷൻ വരെ ഈ പാത ഉപയോഗിക്കാനാകും
സ്ലൂയിസ് പുന:സ്ഥാപിക്കുക, പുല്ലുവേലി മുട്ടിൽ ഗതാഗതയോഗ്യമായ പാലം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വർഷങ്ങൾക്ക് മുമ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിരുന്നതാണ്
- അശോകൻ പനച്ചിക്കൽ, കുത്തിയതോട് പഞ്ചായത്ത് മുൻ അംഗം