ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിക്ക് ഒരുദിവസം മാത്രം ശേഷിക്കെ,​ വള്ളംകളിയും ഓണവും ആഘോഷമാക്കാൻ വിദേശികളുൾപ്പെടെയുള്ള സഞ്ചാരികൾ ആലപ്പുഴയിൽ എത്തിത്തുടങ്ങി.

സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെയും നേതൃത്വത്തിലാണ് സഞ്ചാരികളുടെ വരവ് സജീവമായത്.

നഗരത്തിലെ പുന്നമട,​ കുട്ടനാട്,​ ബീച്ച് എന്നിവിടങ്ങളിലെയും ​മാരാരിക്കുളമുൾപ്പെടെ പരിസരപ്രദേശങ്ങളിലെയും റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളുമെല്ലാം ഇന്നത്തോടെ ഹൗസ് ഫുള്ളാകും. ആഭ്യന്തര സഞ്ചാരികളാണ് ഏറ്രവുമധികമെത്തിച്ചേരുന്നത്. തൃപ്പുണിത്തുറ അത്തച്ചമയഘോഷയാത്രയിലും കൊച്ചിയിലെ വിവിധ ഓണാഘോഷ പരിപാടികളിലും പങ്കെടുത്തശേഷമാണ് വള്ളംകളി ആസ്വദിക്കാൻ ആലപ്പുഴയിലേക്ക് സഞ്ചാരികൾ എത്തുന്നത്.

കായൽ കാഴ്ചകൾ ആസ്വദിക്കാനും ബോട്ടിംഗ് ഉൾപ്പടെയുള്ള വിനോദങ്ങളിൽ മുഴുകാനും ഇഷ്ടപ്പെടുന്ന സഞ്ചാരികളിൽ അധികം പേരും ബീച്ചിലെത്തി കടൽകാഴ്ചകളും ആസ്വദിച്ച ശേഷമാണ് മടങ്ങാറ്.

സുരക്ഷ ശക്തമാക്കി

കോടതിപ്പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി ബോട്ട് ജെട്ടി ഭാഗത്ത് പണി പുരോഗമിക്കുന്നതിനാൽ മുല്ലയ്ക്കലുൾപ്പെടെ കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നല്ല കുറവ് വന്നിട്ടുണ്ട്

കഴിഞ്ഞ വർഷം ഓണത്തിന് ശേഷമായിരുന്നു വള്ളംകളി. വിദേശികളുൾപ്പെടെ ആസ്വാദകരുടെ എണ്ണത്തിൽ അതുകാരണമുണ്ടായ കുറവ് ഇത്തവണ മറികടക്കുമെന്ന് ഉറപ്പാണ്.

 ഇന്ന് മുതൽ വള്ളം കളി ലഹരിയിൽ മുഴുകുന്ന നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.പുന്നമടയിലേക്ക് വാഹനങ്ങൾ തിരിയുന്ന ഔട്ട് പോസ്റ്റ് ഭാഗത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്

 പുന്നമട റോഡിലും സ്റ്റാർട്ടിംഗ്,​ ഫിനിഷിംഗ് പോയിന്റുകളിലും ഇന്ന് വൈകുന്നേരം മുതൽ പൊലീസിന്റെ നിരീക്ഷണമുണ്ടാകും.ഗതാഗത തടസം ഒഴിവാക്കാനും അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്

 വള്ളംകളി കാണാനെത്തുന്നവർക്കുള്ള വാഹന പാർക്കിംഗ് സൗകര്യം ആലപ്പുഴ ബീച്ചിലാണ് സജ്ജമാക്കിയിട്ടുള്ളത്