ചേർത്തല: ഉഴുവ ഗവ.യുപി സ്‌കൂളിൽ പ്രോജക്ട് സൺറൈസ് എന്ന പേരിൽ നവീകരണ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ചെന്നൈയിൽ അരപതിറ്റാണ്ടായി താമസിക്കുന്ന എൻ.ആർ.പണിക്കരാണ് സ്വകാര്യ സ്‌കൂളുകളെ പോലും വെല്ലുന്ന വികസന പദ്ധതികളുമായി ഏഴുവർഷത്തേക്ക് സ്‌കൂളിനെ ദത്തെടുക്കുന്നത്. എൻ.ആർ.പണിക്കരുടെ നേതൃത്വത്തിലുള്ള ആക്സൽ ഫൗണ്ടേഷനാണ് പദ്ധതികൾ നടപ്പാക്കുന്നത്. പാഠ്യ–പാഠ്യേതര മേഖലയിലെ മികവുയർത്തി പഴയ പ്രതാപത്തിലേക്ക് സ്‌കൂളിനെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആക്സൽ ഫൗണ്ടേഷൻ ചെയർമാൻ എൻ.ആർ.പണിക്കർ, കോ–ഓർഡിനേറ്റർ കെ.ജി.ശശികുമാർ,ഭാഗ്യാ ദേവരാജ്, ജയൻ വി.കുറുപ്പ് എന്നിവർ അറിയിച്ചു.

സ്‌കൂളിന്റെ അടിസ്ഥാന വികസനം, എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര, സ്മാർട്ട് ക്ലാസ്മുറികൾ,അത്യാധുനിക ഐ.ടി ലാബ്, പ്രത്യേക ഇംഗ്ലീഷ് ഭാഷാ പഠനം,സംഗീതം,നൃത്തം, ചിത്രരചനാ ക്ലാസുകൾ, കായിക പരിശീലനത്തിന് പ്രത്യേക ടർഫ് എന്നിവ നടപ്പാക്കും. എല്ലാ ക്ലാസുകളെയും ബന്ധിപ്പിക്കുന്ന ഓഡിയോ കണക്ടിവിറ്റി,സി.സി ടി.വി കാമറകളും സ്ഥാപിച്ചു. 29ന് രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിൻ അദ്ധ്യക്ഷയാകും. എൻ.ആർ. പണിക്കർ പദ്ധതി അവതരിപ്പിക്കും.