ചേർത്തല: ഒരുലക്ഷം കർഷകർക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതി അംഗങ്ങളിൽ 60 വയസ് കഴിഞ്ഞവർക്ക് ഓണത്തിന് പെൻഷൻ നൽകാത്തത് വഞ്ചനാപരമെന്ന് ഒരു ലക്ഷം കർഷകസമിതി സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു ആരോപിച്ചു. 60വയസ് കഴിഞ്ഞ എല്ലാവർക്കും ഓണത്തിന് സർക്കാർ ക്ഷേമ പെൻഷൻ നൽകിയിട്ടും ഇവർക്ക് പെൻഷൻ നൽകിയിട്ടില്ല. പെൻഷന് അപേക്ഷ കൊടുത്താൽ വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാണ്. സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ.പി.ബൈജു പറഞ്ഞു. കാർഷിക വികസന സമിതി അടക്കമുള്ള കമ്മിറ്റികളിൽ നിന്ന് സമിതി അംഗങ്ങളെ ഒഴിവാക്കിയത് അനീതിയാണെന്നും കുറ്റപ്പെടുത്തി. സെപ്തംബർ 22ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന രാപ്പകൽ സമരം സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ.സാജുമോൻ മുഹമ്മ, ട്രഷറർ സമ്പത്ത് വയലാർ എന്നിവർ സംസാരിച്ചു.