ആലപ്പുഴ: ഓണത്തിന് ഇലത്തുമ്പിൽ വിളമ്പേണ്ട ഉപ്പേരിക്ക് ഇത്തവണചിലവേറും.കഴിഞ്ഞ വർഷത്തേക്കാൾ കിലോഗ്രാമിന് 50-100 രൂപയോളം വില കൂടിയിട്ടുണ്ട് ഇത്തവണ.400 മുതലാണ് വില. ബ്രാൻഡഡ് ഉപ്പേരിക്കാകട്ടെ 500 മുതൽ 800 രൂപവരെ നൽകണം.

കഴിഞ്ഞവർഷം ഏത്തക്കായ വില ഉയർന്നു നിന്നതാണ് ഉപ്പേരി വിപണിയെ ബാധിച്ചതെങ്കിൽ ഇത്തവണ വെളിച്ചെണ്ണയുടെ തീവിലയാണ് വെല്ലുവിളി. ഏത്തക്കായക്ക് 38-40 രൂപയും വെളിച്ചെണ്ണയ്ക്ക് 330 രൂപയുമാണ് കിലോഗ്രാമിന് വില. കഴിഞ്ഞവർഷം ഏത്തക്കായക്ക് 50-55 രൂപയും വെളിച്ചെണ്ണയ്ക്ക് 200 രൂപയുമായിരുന്നു.

വെളിച്ചെണ്ണ, പാമോയിൽ, സൺഫ്ലവർ എന്നിവയിൽ വറുത്ത ഉപ്പേരികൾ ലഭ്യമാണ്. എണ്ണ മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. പൂരാടംമുതൽ ഉപ്പേരി വിപണി ഉണരുമെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ വിവിധ സംഘടനകളും കൂട്ടായ്മകളും ഉപ്പേരി ഓർഡർ ചെയ്തു തുടങ്ങി. കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലും ഉപ്പേരിക്കച്ചവടം സജീവമാണ്. ഓൺലൈൻ വഴിയും വില്പന നടത്തുന്നുണ്ട്. ഫോണിലൂടെയും വാട്സാപ്പിലൂടെയും വിളിച്ച് ബുക്ക് ചെയ്താൽ വീട്ടിലെത്തിച്ചുനൽകും.

ഉപ്പേരി വില (കിലോഗ്രാമിന് രൂപയിൽ)

(ഈ വർഷം, കഴിഞ്ഞ വർഷം)

വെളിച്ചെണ്ണയിൽ വറുത്ത ചിപ്സ് : 480, 400

സൺഫ്ലവർ ഓയിലിൽ വറുത്ത ചിപ്സ് : 400, 400

പാമോയിലിൽ വറുത്തത ചിപ്സ് : 360-380, 320

ശർക്കര വരട്ടി: 480, 400

ഉപ്പേരിവിപണി ഇത്തവണ സജീവമാകുമെന്നാണ് പ്രതീക്ഷ. ഓണത്തിനായുള്ള ഓർഡറുകൾ വരുന്നുണ്ട്. പതിവുപോലെ ഓണത്തിന് രണ്ട് ദിവസം മുമ്പ് വിപണി സജീവമാകും

കെ.എസ്. രാജേന്ദ്രൻ, കളരിക്കൽ പിപ്സ് ഉടമ