mjshsbgb

ആലപ്പുഴ: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം നന്മയുടെയും സമഭാവനയുടെയും നേർസാക്ഷ്യമായി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരികുട്ടി എന്ന ഭവികാലക്ഷ്മി തന്റെ സമ്പാദ്യത്തിൽ നിന്ന് സ്കൂളിലെ പാചകത്തൊഴിലാളികളായ

ഭാര്യയ്ക്കും ഭർത്താവിനും ഓണപ്പുടവ വാങ്ങി നൽകി. പ്രകാശിനിക്കും ശശിധരനും ജീവിതത്തിൽ ആദ്യമായി വേദിയിൽ വച്ച് ലഭിച്ച ഓണസമ്മാനം വേറിട്ട അനുഭവമായി. ഗൗരിക്കുട്ടിയുടെ ഈ ആഗ്രഹത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഇതേ സ്കൂളിലെ അദ്ധ്യാപകനും ഗൗരിക്കുട്ടിയുടെ പിതാവും പള്ളിക്കുടം ടി.വി ചീഫ് എഡിറ്ററുമായ സുഗതന്റെ നേതൃത്വത്തിൽ കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ഓണസന്ദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി നടത്തപ്പെട്ട ഒരു പരിപാടിയായിരുന്നു സ്കൂൾ അമ്മയ്ക്ക് ഒരു ഓണപ്പുടവ. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നു. ഈ പരിപാടിയുടെ മഹത്വം നേരിൽ കണ്ടറിഞ്ഞ എഴുത്തുകാരി കൂടിയായ ഗൗരിക്കുട്ടി സ്വന്തം സ്കൂളിലെ പാചക തൊഴിലാളികൾക്ക് ഓണപ്പുടവ വാങ്ങി നൽകുന്ന കാര്യം ഏറ്റെടുക്കുകയായിരുന്നു.

സ്കൂൾ പി.ടി.എ പ്രസിഡന്റ് എച്ച്.റിഷാദ്,​ ഹെഡ്മിസ്‌ട്രസ് സഫീന ബീവി, പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി.ഉണ്ണികൃഷ്ണൻ,​സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവ് കുമാർ,സ്റ്റാഫ് സെക്രട്ടറിമാരായ ഗിരീഷ് കുമാർ,​സി.എസ് ഹരികൃഷ്ണൻ,സീനിയർ അദ്ധ്യാപകൻ ബി.കെ ബിജു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.