ആലപ്പുഴ: നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റിൽ കാണികൾക്കായി അടുത്തവർഷം സ്ഥിരം പവലിയൻ നിർമ്മിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നെഹ്രുട്രോഫി ഫുട്ട്ഓവർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 9 കോടി രൂപയാണ് പവലിയനായി ചെലവഴിക്കുക. നെഹ്രുട്രോഫി വാർഡിലെ ജനങ്ങളുടെ യാത്രാദുരിതം അവസാനിച്ചതായും 3.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തിനും ടൂറിസം സാദ്ധ്യതയ്ക്കും അനുയോജ്യമായ തരത്തിലാണ് ആലപ്പുഴയിൽ വികസന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് വരുമാനവും തൊഴിലും ഉറപ്പുവരുത്താനാകും.അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന കാര്യത്തിൽ നമുക്ക് ആവശ്യമുണ്ട്. എന്നാൽ വൃത്തി വേണമെന്ന കാര്യത്തിൽ ആ നി‌ർബന്ധമില്ല. ഉദ്ഘാടന വേദിയിൽ ചായകുടിച്ച ശേഷം ഗ്ലാസുകൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇനിമുതൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്നും നഗരസഭയ്ക്ക് മന്ത്രി നി‌‌ർദ്ദേശം നൽകി. കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സംസ്ഥാനത്ത് 9.55 കോടി രൂപയാണ് പിഴ ഈടാക്കിയതെന്നും മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.