ആലപ്പുഴ : കരയെയും കായലിനെയും ആവേശത്തിലാക്കി 71ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. ഒരു മാസത്തിലേറെ നീണ്ട പരിശീലനത്തിനു ശേഷം പോരിനിറങ്ങുന്ന ജലരാജാക്കൻമാരും ആർപ്പുവിളിച്ചെത്തുന്ന വള്ളംകളി പ്രേമികളും പുന്നമടയെ കോരിത്തരിപ്പിക്കും. എല്ലാവർക്കുമറിയേണ്ടത് ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പുള്ള ട്രോഫി ഇക്കുറി ആര് കൈയിലാക്കുമെന്നത് മാത്രം. 21 ചുണ്ടനുകളടക്കം 75 കളിവള്ളങ്ങളാണ് ഇക്കുറി മത്സരത്തിനിറങ്ങുക.
മൈക്രോ സെക്കൻഡുകൾക്ക് പോലും പ്രാധാന്യം നൽകി കുറ്റമറ്റ ഫലപ്രഖ്യാപനം നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഭയന്നാണ് ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയെന്ന കീഴ്വടക്കം മാറ്റിവെച്ച് മത്സരം 30ന് നടത്താൻ തീരുമാനിച്ചത്. പക്ഷേ, മഴ ഇത്തവണയും ജലോത്സവത്തെ വിടാതെ പിന്തുടരുന്നുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ചാണ് മത്സരം നടത്തുന്നത്. ചില ക്ലബ്ബുകൾ ഇന്ന് രാവിലെയാണ് മത്സരത്തിനുള്ള വള്ളം നീറ്റിലിറക്കുക. ജില്ലാ കളക്ടറുടെയും, ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നെഹ്റു പവലിയനിലെയും, ഫിനിഷിംഗ് പോയിന്റിലെയും ഒരുക്കങ്ങൾ ഇന്നലെ വൈകിയും വിലയിരുത്തി.
രാവിലെ 11 മുതൽ ചെറുവള്ളങ്ങളുടെ മത്സരവും വൈകിട്ട് നാല് മുതൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും നടക്കും. ഉച്ചയ്ക്ക് 2ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.
ചുണ്ടനുകളും ഹീറ്റ്‌സും ട്രാക്കും
ഹീറ്റ്സ് 1
ട്രാക്ക് 1- ആനാരി ചുണ്ടൻ
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ശ്രീവിനായകൻ
ട്രാക്ക് 4- കാരിച്ചാൽ
ഹീറ്റ്സ് 2
ട്രാക്ക് 1- കരുവാറ്റ
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ
ട്രാക്ക് 3- നടുവിലെ പറമ്പൻ
ട്രാക്ക് 4- പായിപ്പാടൻ 2
ഹീറ്റ്സ് 3
ട്രാക്ക് 1- ചമ്പക്കുളം
ട്രാക്ക് 2- തലവടി ചുണ്ടന്‍
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ
ട്രാക്ക് 4- ആലപ്പാടൻ
ഹീറ്റ്സ് 4
ട്രാക്ക് 1- സെൻറ് ജോർജ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- നിരണം
ട്രാക്ക് 4- വലിയ ദിവാൻജി
ഹീറ്റ്സ് 5
ട്രാക്ക് 1- സെൻറ് പയസ് ടെൻത്
ട്രാക്ക് 2- --ജവഹർ തായങ്കരി
ട്രാക്ക് 3- പായിപ്പാടൻ
ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 6
ട്രാക്ക് 1- വീയപുരം
ട്രാക്ക് 2- --ആയാപറമ്പ് പാണ്ടി
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- വള്ളമില്ല
ഗതാഗത നിയന്ത്രണം
രാവിലെ 8 മണി മുതൽ നഗരം പൊലീസിന്റെ ഗതാഗത നിയന്ത്രണത്തിലായിരിക്കും. രാവിലെ 6 മുതൽ നഗരത്തിലെ റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം.
വെള്ളത്തിൽ ഇറങ്ങിയാൽ പിടിവീഴും
ഗ്യാലറികളിൽ പാസുള്ളവർക്ക് മാത്രം പ്രവേശനം
സി ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയത്
നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോ ക്യാമറ നിരീക്ഷണം
മത്സര സമയത്ത് കായലിൽ ഇറങ്ങി തടസ്സമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യും
ഗതാഗത ക്രമീകരണം
രാവിലെ 6 മണിമുതൽ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാർക്കിംഗ് അനുവദിക്കില്ല
തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്ന് വാഹനങ്ങളിൽ വരുന്നവരും, എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവെയിലൂടെ വരുന്നവരും കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവെന്റ് സ്ക്വയർ വഴി സഞ്ചരിച്ച് ആലപ്പുഴ ബീച്ച്, പൊലീസ് പരേഡ് ഗ്രൗണ്ട്, കനാൽ തീരത്തുള്ള റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം
ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് കൈതവന ജംഗ്ഷനിലൂടെ വരുന്ന വാഹനങ്ങൾ പഴവീട് സ്‌കൂൾ ഗ്രൗണ്ട്. കാർമൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം
ദേശീയപാതയിൽ കൊല്ലം, കായംകുളം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കളർകോട് ചിന്മയ സ്‌കൂൾ ഗ്രൗണ്ടിലും, ചിന്മയ സ്‌കൂളിന് മുൻവശം ദേശീയപാതയിലെ സൗകര്യപ്രദമായ സ്ഥലത്തും, എസ്.ഡി കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം
കളർകോട് ഭാഗത്തും, പഴവീട് ഭാഗത്തും വാഹനം പാർക്ക് ചെയ്യുന്നവർക്ക് കളർകോട് ബൈപ്പാസ്സിൽ നിന്നും കൈതവന, പഴവീട് വഴി ബസ്സ് സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസ് നടത്തും
ബീച്ച് ഭാഗത്തും. പൊലീസ് പരേഡ് ഗ്രൗണ്ടിലും വാഹനം പാർക്ക് ചെയ്യുന്നവർക്കും ബസ് സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസ് നടത്തും
രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ ഹെവി കണ്ടെയ്നർ/ട്രെയിലർ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുവാൻ പാടില്ല