ഹരിപ്പാട്: തെരുവുനായ നിയന്ത്രണത്തിനും പേവിഷ നിയന്ത്രണത്തിനും മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുതുകുളത്ത് തുടങ്ങുന്ന എ.ബി.സി കേന്ദ്രത്തിനെതിരേ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രദേശവാസികൾ തിരിച്ചറിയണം. മുതുകുളം എട്ടാം വാർഡിൽ 20.25 സെന്റ് ഭൂമിയിൽ തുടങ്ങുന്നത് നായ വളർത്തൽ കേന്ദ്രമല്ല. തെരുവു നായകൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി അനന്തരപരിചരണവും പേവിഷ പ്രതിരോധ വാക്‌സിനും നൽകിയശേഷം ഇവയെ പിടിച്ച സ്ഥലങ്ങളിൽ തന്നെ തിരികെ വിടുകയും ചെയ്യുന്ന പദ്ധതിയാണിത്. വാഹനത്തിൽ തയാറാക്കിയ കൂടുകളിൽ നിന്ന് വളരെ സുരക്ഷിതത്വത്തോടെ നിർമിച്ച ഷെൽട്ടറുകളിലേക്ക് നായ്ക്കളെ നേരിട്ട് മാറ്റുന്നതിനാൽ അവ പുറത്തെത്തുന്നില്ല. പരിസരവാസികൾക്ക് യാതൊരുവിധ ശല്യവും ഉണ്ടാകാതിരിക്കുന്നതിനായി എ.ബി.സി കേന്ദ്രത്തിന് ചുറ്റും ഉയരമുള്ള മതിൽ സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, മുതുകുളം ഡിവിഷൻ അംഗം ബിന്ദു സുഭാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.