മാവേലിക്കര : മാവേലിക്കര നഗരസഭയിൽ വികസനത്തെച്ചൊല്ലി വിവാദമുയരുന്നു. നാല് വർഷവും 8മാസവും യു.ഡി.എഫ് ഭരിച്ച മാവേലിക്കര നഗരസഭിയിൽ എടുത്ത് കാണിക്കാൻ കഴിയുന്ന ഒരു വികസന പ്രവർത്തനവും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ ആരോപണം. എന്നാൽ ഉദ്യോഗസ്ഥർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്നാണ് യു.ഡി.എഫ് തിരിച്ചടിക്കുന്നത്.
നഗരസഭയിൽ ഭരണസ്തംഭനം ആരോപിച്ച് സി.പി.എം. മാവേലിക്കര ടൗൺ തെക്ക്, വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ
യും നടത്തിയിരുന്നു.
ആദ്യ 4വർഷം സ്വതന്ത്രനെ ചെയർമാനാക്കിയാണ് യു.ഡി.എഫ് നഗരസഭ ഭരിച്ചത്. എന്നാൽ ഇപ്പോൾ കോൺഗ്രസ് അംഗം തന്നെയാണ് ചെയർമാൻ സ്ഥാനത്ത് ഉള്ളത്.
5 കോടി ചെലവിട്ടുള്ള ശാസ്ത്ര പാർക്ക് പദ്ധതി എം.എൽ.എ കൊണ്ടുവന്നെങ്കിലും പദ്ധതി ഏറ്റെടുത്ത നഗരസഭ രണ്ടുവർഷം ഒരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് കാട്ടി എം.എൽ.എയ്ക്ക് കത്തുനൽകി.
നഗരത്തിലെ ജലനിർഗമന മാർഗമായ കോട്ടാത്തോട് നവീകരണം പാതിവഴിയിലാണ്. ഇത് കാരണം കോട്ടത്തോട്ടിലെ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയുണ്ട്. കോട്ടത്തോട് മാലിന്യം തള്ളാനുള്ള സ്ഥലമായി മാറിയിരിക്കുന്നതിനാൽ നഗരത്തിൽ ദുർഗന്ധം പരക്കുകയാണ്.
ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നെന്ന് ഭരണപക്ഷം
വികസന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വാദം
ഉദ്യോഗസ്ഥരുടെ നിലപാട് കാരണം പല വികസനപ്രവർത്തനങ്ങൾ യഥാസമയം നടത്താനാകുന്നില്ലെന്നാണ് കോൺഗ്രസ് പറയുന്നത്
ഇടത് ചായ്‌വുള്ള ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം വികസന പ്രവർത്തനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഭരണപക്ഷം ആരോപിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതിത്തുക വെട്ടിക്കുറച്ചതിനെത്തുടർന്നും കോൺഗ്രസ് ഭരിക്കുന്ന മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സി.പി.എം നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനങ്ങൾ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുമാണ് പല വികസന പ്രവർത്തനങ്ങളും യഥാസമയം നടത്താൻ കഴിയാതിരുന്നത്
- അനി വർഗീസ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
കോൺഗ്രസ് ഭരണം നഗരത്തെ തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ്. സഞ്ചാരയോഗ്യമായ റോഡുകളില്ല. നഗരത്തിലെ ജല നിർഗമന മാർഗമായ കോട്ടാത്തോടിന്റെ നവീകരണം നടക്കുന്നില്ല. നഗരം മാലിന്യത്താൽ ചീഞ്ഞുനാറുന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി പദ്ധതി നടപ്പാക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു.
- ജി.അജയകുമാർ , സി.പി.എം ഏരിയ സെക്രട്ടറി