mazha

ആലപ്പുഴ: ഓണാഘോഷത്തിരക്കിനിടെ ആശങ്കയായി മഴ. തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ,​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടതടവില്ലാത്ത മഴ ഓണഒരുക്കങ്ങൾക്ക് തടസമായി.വീടുകളും സ്ഥാപനങ്ങളും ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കെ,​ വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ ആശങ്കയിലാണ് നാടും നഗരവും. ഉത്രാടത്തിന് മൂന്നുദിവസം മാത്രം ശേഷിക്കെ,​ ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനും ദൂരസ്ഥങ്ങളിൽ നിന്ന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനുള്ള യാത്രകൾക്കുമെല്ലാം മഴ തടസമായിട്ടുണ്ട്.സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ ഓണം ബോണസും ശമ്പളവുമുൾപ്പെടെ നാളെയും മറ്റന്നാളുമായി ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ നാടാകെ ഓണപർച്ചേയ്സിന്റെ പരക്കം പാച്ചിലിലാകും. ഓണസദ്യയ്ക്കുള്ള വിഭവങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഓണക്കോടിയും വീട്ടുപകരണങ്ങളുൾപ്പെടെ ആവശ്യമായ മറ്റ് സാധനസാമഗ്രികളുമൊക്കെയായി വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ തിരക്കിന്റെ പൂരമാകും.

മഴ മാറിയാൽ ഉഷാർ

1.ഓണത്തിന് മുന്നോടിയായി വീടുംപരിസരവും വൃത്തിയാക്കുന്നവർക്ക് മഴ വിനയായിട്ടുണ്ട്. സദ്യയ്ക്കുള്ള മുളകും മല്ലിയുമുൾപ്പെടെ ഉണക്കിപൊടിക്കാനും വീട്ടിനകവും പുറവും തൂത്തുതുടച്ച് വൃത്തിയാക്കാനുമെല്ലാം മഴ തടസമാണ്.

2.നാട്ടിൻ പുറങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള കൃഷിപ്പണിയെയും കാർഷിക വിളവെടുപ്പുകളെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഓണം മാർക്കറ്റുകളിലേക്ക് ആവശ്യമായ നാടൻ പച്ചക്കറികൾ, വാഴക്കുലകൾ എന്നിവ ചന്തകളിലെത്തിക്കേണ്ട ദിവസമാണിത്

3.കുടുംബാംഗങ്ങൾക്കൊപ്പം ഓണം കെങ്കേമമാക്കാൻ ആളുകൾ ജോലിക്ക്പോകുന്നതിനും മഴ തടസമായി തുടരുന്നുണ്ട്. മാത്രമല്ല ക്ളബുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളുടെ പകിട്ടിനെയും മഴ ബാധിച്ചു

4.മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, സപ്ളൈകോ- കൺസ്യൂമർ ഫെഡ‌് ഓണം വിപണികൾ, സഹകരണ ഓണം ഫെയറുകൾ, കുടുംബശ്രീ ഓണച്ചന്തകൾ എന്നിവിടങ്ങളെല്ലാം പരമാവധി കച്ചവടം നടക്കേണ്ട ദിവസങ്ങളാണ് ഇനിയുള്ളത്

5. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്നുമുതലെങ്കിലും മഴയ്ക്ക് ശമനമുണ്ടായാലേ നഗരത്തിലെയും നാട്ടിൻ പുറങ്ങളിലെയും ഓണക്കച്ചവടങ്ങൾ ഉഷാറാകൂ