ആലപ്പുഴ: പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തിയ വള്ളംകളി വൻ വിജയം. ആവേശത്തിനിടയിലും നാടിന്റെ വൃത്തിക്ക് പ്രധാന പ്രാധാന്യം നൽകുകയായിരുന്നു ആലപ്പുഴ നഗരസഭയുടെ ലക്ഷ്യം. താത്കാലിക പാലം മുതൽ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ് വരെയും കെ.എസ്.ആർ.ടി.സിക്ക് കിഴക്കുവശവും ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ചു.ഇവിടെ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളും അനുവദിച്ചില്ല. ഗ്രീൻ സോണിൽ വള്ളംകളി കാണാൻ എത്തുന്നവർ ഗ്രീൻ ചെക്ക് പോസ്റ്റ് വഴിയാണ് നെഹ്‌റു പവലിയനിൽ പ്രവേശിച്ചത്. യാതൊരുവിധ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഉള്ളിൽ കടക്കാതിരിക്കാൻ ഗ്രീൻ ചെക്ക് പോസ്റ്റിൽ നഗരസഭ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും വിന്യസിച്ചിരുന്നു. വാട്ടർ ബോട്ടിലുകളും, വലിച്ചെറിയപ്പെടാവുന്ന ഭക്ഷണ പാക്കറ്റുകളും പൂർണമായും നിരോധിച്ചു.
കുടുംബാംഗങ്ങളുമായി എത്തിയവർക്ക് ഇതിൽ ചെറിയ ഇളവ് നൽകി. ഇവർക്ക് ഗ്രീൻ ചെക്ക് പോസ്റ്റിൽ 20 രൂപ അടച്ച് സ്റ്റിക്കർ പതിപ്പിച്ചു നൽകി. തിരികെ വന്ന് സ്റ്റിക്കർ അടങ്ങുന്ന ബോട്ടിലോ, ഫുഡ് പാക്കറ്റോ ഏൽപ്പിച്ചവർക്ക് തുക തിരികെ നൽകി.
ഗ്രീൻ ചെക്ക് പോസ്റ്റിൽ ആലപ്പുഴ നഗരസഭയും ജില്ലാ ശുചിത്വമിഷനും ചേർന്ന് പ്ലാസ്റ്റിക് ബാഗിൽ ഫുഡ് പാക്കറ്റുകളും പഴ്‌സ് മുതലായ അവശ്യവസ്തുക്കൾ കൊണ്ടുവന്നവർക്ക് നൽകാനായി തുണി സഞ്ചികളും സജ്ജമാക്കിയിരുന്നു.
പവലിയനിലും ഗ്യാലറിയിലും കായൽ തീരത്തും ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പ് വരുത്തുന്നതിനായി 500ൽ അധികം ഗ്രീൻ വോളണ്ടിയർമാരെയാണ് നിയോഗിച്ചത്. ഗ്രീൻ സോണുകളിൽ 20 മീറ്റർ അകലത്തിൽ ബോട്ടിൽ ബിന്നുകളും നെഹ്റു പവലിയനിൽ ഗ്ലാസ് ബോട്ടിലും മറ്റിടങ്ങളിൽ വാട്ടർ കിയോസ്‌ക്കുകളും സ്ഥാപിച്ചു. വള്ളംകളി കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ നഗരം പൂർണമായി വൃത്തിയാക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.