മാന്നാർ: 59-ാമത് മാന്നാർ മഹാത്മ ഗാന്ധി ജലോത്സവം നാളെ ഉച്ചക്ക് 2 ന് മാന്നാർ കൂര്യത്ത് കടവിലുള്ള മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ദേശീയ നേതാക്കൾ, സംസ്ഥാന മന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ, എം.പിമാർ, എം.എൽ.എമാർ, വിദേശ പൗരന്മാർ ഉൾപ്പെടെ പതിനായിരങ്ങൾ ജലമേള കാണാൻ എത്തിച്ചേരും. 12 ചുണ്ടൻ വള്ളങ്ങളും, 9 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും ഉൾപ്പെടെ 50-ൽ പരം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ അഡ്വ.എൻ ഷൈലാജും, ജനറൽ സെക്രട്ടറി ടി.കെ ഷാജഹാനും അറിയിച്ചു.
വി.വി.ഐ.പി പവലിയൻ കൂടാതെ മറ്റൊരു താൽക്കാലിക പവലിയൻ കൂടി വിശിഷ്ടാതിഥികൾക്കായി നിർമ്മിച്ചിട്ടുണ്ടെന്നും നെട്ടായത്തിലെ വലിയ വളവ് ഒഴിവാക്കുവാൻ 300 മീറ്റർ നീളം കുറച്ച് മുമ്പോട്ട് നീക്കിയാണ് ഇത്തവണ സ്റ്റാർട്ടിങ് പോയിന്റ് ഒരുക്കുന്നതെന്ന് അവർ പറഞ്ഞു. ഫൈനലിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഇതുപകരിക്കും. ഒന്നാമത് എത്തുന്ന ചുണ്ടൻ വള്ളത്തിന് മഹാത്മാഗാന്ധി ട്രോഫിയും, ഒന്നാമത് എത്തുന്ന എ ഗ്രേഡ് വെപ്പ് വള്ളത്തിന് ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഓണക്കാല ജലമേളയ്ക്ക് തുടക്കം കുറിക്കുന്ന വള്ളംകളി ആയതിനാൽ വടംവലി, കസേരകളി, അത്തപ്പൂവിടൽ, വഞ്ചിപ്പാട്ട് തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മാസ് ഡ്രില്ലിൽ പങ്കെടുക്കാതിരിക്കുകയോ, മത്സരത്തിൽ വള്ളം ചൂടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ബോണസ് തുകയുടെ 50ശതമാനം കട്ട് ചെയ്യും. ഭാരവാഹികളായ എൻ.ഷൈലാജ്, ടി.കെ. ഷാജഹാൻ, മാന്നാർ അബ്ദുൽ ലത്തീഫ് സോമരാജൻ അജോയ് കടിപ്പിലാരി, സുരേഷ് മറുകര, ഐപ്പ് ചക്കിട്ട, ജെയിംസ് ചിറയിൽ, എന്നിവർ പങ്കെടുത്തു.