മധുരപ്രതികാരം വീട്ടി വീരുവും വില്ലേജും

ആലപ്പുഴ; കഴിഞ്ഞവർഷം അഞ്ച് മൈക്രോ സെക്കൻഡിന് കൈവിട്ട് പോയ കിരീടം വാശിയേറിയ പോരോട്ടത്തിൽ തിരികെ പിടിക്കാനായതിന്റെ ആഹ്ലാദത്തിനാണ് വീരു എന്നറി​യപ്പെടുന്ന വീയപുരം ചുണ്ടനും കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും. കഴിഞ്ഞ തവണയും ഇതേ കൂട്ടുകെട്ടാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടാം ഹാട്രിക് സ്വപ്നം കണ്ടിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നത് കനത്ത തിരിച്ചടിയായി.

കന്നി നെഹ്റുട്രോഫി ലക്ഷ്യമിട്ട് പോരാടിയ പുന്നമട ബോട്ട് ക്ലബ്ബിന് നടുഭാഗം ചുണ്ടനിൽ രണ്ടാമതെത്താനേ കഴി​ഞ്ഞുള്ളൂ. നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനാണ് നാലാമതായി ഫിനിഷ് ചെയ്തത്. നാട്ടുകാരും ആരാധകരും സ്നേഹത്തോടെ വീരു എന്നു വിളിക്കുന്ന വീയപുരം ചുണ്ടനിത് രണ്ടാം കിരീടമാണ്. 2023ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിനൊപ്പമായിരുന്നു ആദ്യജയം. വില്ലേജ് ബോട്ട് ക്ലബ്ബാവട്ടെ, മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് വെള്ളിക്കപ്പിൽ മുത്തമിട്ടത്.

വീരും വില്ലേജും ചേർന്നാൽ 'വി' ഫോർ വിക്ടറി

കഴിഞ്ഞ തവണ വീരു - വിലേജ് കോമ്പോയ്ക്ക് തലനാരിഴയ്ക്കാണ് വിജയം കൈവിട്ടുപോയത്. ആ നഷ്ടക്കണക്കിന് മധുരപ്രതികാരം വീട്ടണമെന്ന ഒറ്റക്കെട്ടായ ചിന്തയും പരിശ്രമവുമാണ് വിജയത്തിലേക്ക് നയിച്ചത്. 4.21.084 മിനിറ്റിനാണ് വീരു വിജയക്കുതിപ്പിലേക്കെത്തിയത്. ബിഫി വർഗീസ് ക്യാപ്ടനും, ബൈജു കുട്ടനാട് ലീഡിംഗ് ക്യാപ്റ്റനുമായിരുന്നു.

കൈനകരി വില്ലേജ് ബോട്ട് ക്ലബ് :

 1986ൽ ക്ലബ്‌ രൂപീകരിച്ചു

1986,1987 വ‌ർഷങ്ങളിലെ വിജയി

 രണ്ട് വർഷവും തുഴഞ്ഞത് കാരിച്ചാൽ വള്ളത്തിൽ

വീയപുരം ചുണ്ടൻ:

 2017ൽ നിർമ്മാണം ആരംഭിച്ചു

 2019ൽ നീരണിഞ്ഞു

 2023ൽ പി.ബി.സിക്കൊപ്പം ആദ്യ വിജയം

ഫൈനൽ ഫലം

 വീയപുരം ചുണ്ടൻ - വില്ലേജ് ബോട്ട് ക്ലബ് കൈനകരി - 4.21.084 മിനിറ്റ്

 നടുഭാഗം ചുണ്ടൻ - പുന്നമട ബോട്ട് ക്ലബ് - 4.21.782 മിനിറ്റ്

 മേൽപ്പാടം ചുണ്ടൻ - പള്ളാത്തുരുത്തി ബോട്ട് ക്ലബ് - 4.21.933 മിനിറ്റ്

 നിരണം ചുണ്ടൻ - നിരണം ബോട്ട് ക്ലബ് - 4.22.035 മിനിറ്റ്

ലൂസേഴ്സ് ഫൈനലിൽ പങ്കെടുക്കാതെ യു.ബി.സി, പരാതി നൽകി പുന്നമട

അനുമതിയിൽ കവിഞ്ഞ എണ്ണം മത്സരാർത്ഥികളെ ചില വള്ളങ്ങളിൽ പങ്കെടുപ്പിച്ചു എന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ നിന്ന് കൈനകരി യുണൈറ്റ‌് ബോട്ട് ക്ലബ് പിന്മാറി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനും തടിത്തുഴയും ഫൈബർ തുഴയും ഉപയോഗിച്ചതായി പുന്നമട ബോട്ട് ക്ലബ്ബിന്റെ ലീഡിംഗ് ക്ലബ്ബ് ലീഡിംഗ് ക്യാപ്റ്റൻ കുര്യൻ ജെയിംസ് എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാന് പരാതി നൽകി. നിയമങ്ങൾക്ക് വിരുദ്ധമായി അന്യസംസ്ഥാന തുഴച്ചിൽകാർ 50 ശതമാനത്തിൽ കൂടുതലായി ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

പി.ബി.സിക്ക് കനത്ത തിരിച്ചടി

ആദ്യ ഡബിൾ ഹാട്രിക് എന്ന ലക്ഷ്യത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്. എന്നാൽ ഫൈനലിൽ വള്ളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തിരിച്ചടിയായി. നെഹ്റുട്രോഫിയിൽ മുമ്പ് വിജയിച്ചിട്ടില്ലാത്ത വള്ളങ്ങളിൽ മത്സരിക്കുന്നതാണ് കഴിഞ്ഞ ആറ് വർഷമായി പി.ബി.സിയുടെ പതിവ്. ഈ സീസണിൽ ആദ്യ മത്സരങ്ങളായ ചമ്പക്കുളം മൂലം ജലോത്സവം, കരുമാടി വള്ളംകളി എന്നിവയിൽ ടീം വിജയിച്ചിരുന്നു.