ആലപ്പുഴ: നെഹ്റുട്രോഫി ജലമേള കാണാനായി ആയിരങ്ങൾ എത്തിയതോടെ ഇന്നലെ രാവിലെ മുതൽ നഗരം ആവേശത്തിലായി. ആളുകൾ ഒഴുകിയെത്തിയപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമായി. ബസുകളെല്ലാം വഴി തിരിച്ചുവിട്ടെങ്കിലും ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ ആളുകൾ തടിച്ച് കൂടിയതോടെ നിയന്ത്രിക്കാൻ പെടാപ്പാട് പെട്ടു. ചെറിയ ബോട്ടുകൾ, സ്പീഡ് ബോട്ട്, ഹൗസ് ബോട്ട്, ശിക്കാര വള്ളങ്ങൾ എന്നിവയിലെല്ലാം ആളുകൾ വള്ളംകളി കാണാനെത്തി. സമീപത്തെ ഹോട്ടലുകളുടെ ഗ്യാലറിയിലും മട്ടുപ്പാവിലും വള്ളംകളി കാണാനായി അവസരം ഒരുക്കിയിരുന്നു. വള്ളംകളി കാണാനായി ക്ലബ്ബിന്റെ ജേഴ്സിയണിഞ്ഞാണ് ആരാധകർ എത്തിയത്. ആർപ്പുവിളികളോടെ പുന്നമടയുടെ തീരത്തും കായലിലുമായാണ് ആരാധകർ തങ്ങളുടെ ഇഷ്ട ക്ലബ്ബിന്റെ വരവും കാത്തിരുന്നത്. പതിവിലും വൈകിത്തുടങ്ങിയെങ്കിലും വള്ളംകളിയുടെ ആവേശത്തിന് ഒട്ടും കുറവ് വന്നില്ല. അരമണിക്കൂറിലേറെ വൈകിയാണ് മത്സരം ഇത്തവണ ആരംഭിച്ചത്.