ന്യൂഡൽഹി: ജഗ‌്‌ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സെപ്‌തംബർ 9ന് നടക്കും. അന്നു തന്നെയാണ് വോട്ടെണ്ണലും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 7ന് പുറപ്പെടുവിക്കും. 21വരെ പത്രിക സ്വീകരിക്കും. 22ന് സൂക്ഷ്മ പരിശോധന. 25വരെ പത്രിക പിൻവലിക്കാം.
രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദിയെ റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. വോട്ടു ചെയ്യേണ്ട പാർലമെന്റ് അംഗങ്ങൾ അടങ്ങിയ ഇലക്‌ടറൽ കോളേജ് പട്ടിക അന്തിമമാക്കി. പ്രതിപക്ഷവും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാൽ എൻ.ഡി.എക്കാണ് മുൻതൂക്കം.