ന്യൂഡൽഹി: കഠിനാദ്ധ്വാനത്തിലൂടെ സിവിൽ സർവീസ് എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച ട്വൽത്ത് ഫെയിൽ സിനിമയിലെ മനോജ് കുമാർ ശർമ്മയെ അവതരിപ്പിച്ചതിനാണ് യുവ നടൻ വിക്രാന്ത് മാസിക്ക് ഷാരൂഖ് ഖാനാപ്പം മികച്ച നടനുള്ള ദേശീയ അവാർഡ് നേടാനായത്.
കൊടിയ ദാരിദ്ര്യം അടക്കം തടസങ്ങളിൽ പതറാതെ ലക്ഷ്യത്തിലെത്താൻ അസാമാന്യ പോരാട്ടം നടത്തിയ യുവാവിന്റെ കഥയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് നിർമ്മിച്ച് 2023-ൽ പുറത്തിറങ്ങിയ 'ട്വൽത്ത് ഫെയിൽ'. സിവിൽ സർവീസ് സ്വപ്‌നം കാണുന്ന ഇന്ത്യൻ ചെറുപ്പക്കാരെ ഏറെ സ്വാധീനിച്ച ചിത്രം ബോക്‌സ് ഒാഫീസിലും ഹിറ്റായിരുന്നു. ഒാ.ടി.ടിയിലും ചിത്രം പ്രേക്ഷക പ്രീതി നേടി. 69-ാമത് ഫിലിംഫെയർ അവാർഡിലും മാസി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.