ന്യൂഡൽഹി: ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭാ നടപടികൾ തടസപ്പെടുത്തി. സിറ്റിംഗ് എം.പിയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യസഭ ഇന്നലെ നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞിരുന്നു. ബീഹാർ വിഷയം ചർച്ച ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്നലെ രാവിലെ മുതൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം തുടങ്ങിയത്. തുടർന്ന് രണ്ടു മണിവരെ സഭ നിറുത്തിവച്ചു. 2ന് ദേശീയ കായിക ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തിൽ തടസപ്പെട്ടു. കായിക ബിൽ അവരിപ്പിക്കുമ്പോൾ സഹകരിക്കുമെന്ന് പ്രതിപക്ഷം ഉറപ്പു നൽകിയതാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.