ന്യൂഡൽഹി: മഹാരാഷ്ട്രയിൽ 27 ശതമാനം ഒ.ബി.സി സംവരണത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതിയുടെ അനുമതി. നാലാഴ്ചയ്‌ക്കകം വിജ്ഞാപനമിറക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. പുതിയ വാർഡ് പുനർനിർണയത്തിന്റെ അടിസ്ഥാനത്തിലാകണം നടപടികൾ. നാലു മാസത്തിനകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ജനാധിപത്യ അവകാശങ്ങൾ മാനിക്കപ്പെടുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഒ.ബി.സി സംവരണമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് നടപടി. 2022 മുതൽ തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമായത്. പല തദ്ദേശ സ്ഥാപനങ്ങളിലും അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നടക്കുന്നത്.