ന്യൂഡൽഹി: യുദ്ധവീരൻമാരായ ഫീൽഡ് മാർഷൽ സാം മനേക്ഷാ, ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ, മേജർ സോംനാഥ് ശർമ്മ എന്നിവരുടെ ജീവിതകഥ കരിക്കുലത്തിൽ ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി. ഈ അദ്ധ്യയനവർഷം മുതൽ ഇത് പാഠപുസ്തകത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നു സൈനിക ഉദ്യോഗസ്ഥരുടെയും ജീവിതവും ത്യാഗവും ഏഴ്, എട്ട് ക്ലാസുകളിലെ ഉറുദു പാഠപുസ്തകത്തിലും എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലുമാണ് ഉൾപ്പെടുത്തിയത്.
സാം മനേക്ഷാ
1. ഇന്ത്യൻ സൈന്യത്തിൽ ഫീൽഡ് മാർഷൽ പദവിയിലെത്തുന്ന ആദ്യ ഉദ്യോഗസ്ഥൻ
2. യഥാർത്ഥ പേര് സാം ഹോർമുസ്ജി ഫ്രാംജി ജംഷെഡ്ജി മനേക്ഷാ
3. 1914 ഏപ്രിൽ 3ന് ബ്രിട്ടീഷ് ഇന്ത്യയിലെ അമൃത്സറിൽ ജനനം
4. ഗോർഖ റൈഫിൾസിലെ സേവനത്തിനിടെ ബഹാദൂർ എന്ന വിശേഷണം ലഭിച്ചു
5. 1969ൽ കരസേനാ മേധാവിയായി
6. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു
7. രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ചു
ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ
നൗഷേരയിലെ സിംഹം എന്ന് അറിയപ്പെടുന്നു. 1947-48ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ജമ്മു കാശ്മീരിലെ നൗഷേരയും ജാംഗറും തിരിച്ചുപിടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണിത്. 1912 ജൂലായ് 15ന് ഉത്തർപ്രദേശിലെ അസംഗഡിൽ ജനിച്ചു. 1934ൽ ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തിലെ ബലൂച് റെജിമെന്റിൽ ചേർന്നു. വിഭജനക്കാലത്ത് പാകിസ്ഥാനിൽ ഉന്നതപദവി വാഗ്ദാനം ചെയ്ത് മുഹമ്മദലി ജിന്ന ക്ഷണിച്ചെങ്കിലും ഇന്ത്യയിൽ തുടരാൻ തീരുമാനിച്ചു. 1948 ജുലായ് 3ന് ജാംഗറിൽ പാക് ഷെല്ലിംഗിനിടെ വീരമൃത്യു വരിച്ചു.
മേജർ സോംനാഥ് ശർമ്മ
പരംവീർ ചക്ര ലഭിച്ച ആദ്യ ഇന്ത്യൻ സൈനികൻ. 1922 ജനുവരി 31ന് ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ ജനിച്ചു. 1942ൽ കുമായോൺ റെജിമെന്റിൽ ചേർന്നു. 1947ൽ 500 ഓളം പാക് സൈനികർ ശ്രീനഗർ ആക്രമിക്കാനായി നീങ്ങിയപ്പോൾ ശ്രീനഗർ വിമാനത്താവളത്തിൽ അവരെ പ്രതിരോധിച്ചത് സോംനാഥ് ശർമ്മയുടെ നേതൃത്വത്തിലാണ്. ആറുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനിടയിൽ സോംനാഥ് ശർമ്മ പാകിസ്ഥാന്റെ മോർട്ടാർ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചു.