□5 വർഷത്തിനിടെ എം.ബി.ബി.എസ് സീറ്റുകൾ 39% വർദ്ധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എല്ലാ വർഷവും 2000ലേറെ മെഡിക്കൽ സീറ്റുകൾ ഒഴിവു വരുന്നതായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. 2024-25 അദ്ധ്യയനവർഷം 2849 എം.ബി.ബി.എസ് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചും (ജിപ്മെർ) ഒഴികെയുള്ള കണക്കാണിത്.
സങ്കീർണമായ പ്രവേശന നടപടികളാണ് ഇത്രയും സീറ്റുകൾ ഒഴിവ് വരാനുള്ള കാരണമായി വിദഗ്ധർ പറയുന്നത്. എൻ.എം.സി നിശ്ചയിക്കുന്ന സമയപരിധി പാലിക്കാൻ സീറ്റുകൾ നിറയുന്നതിന് മുമ്പ് മെഡിക്കൽ കോളേജുകൾക്ക് പ്രവേശന നടപടികൾ അവസാനിപ്പിക്കേണ്ടി വരുന്നു. ഗ്രാമീണ മേഖലകളിലെ മെഡിക്കൽ കോളേജുകളിലും പുതിയ കോളേജുകളിലും ഡിമാൻഡ് കുറവുമാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയ്ക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം.ബി.ബി.എസ് സീറ്റുകൾ 39% വർദ്ധിപ്പിച്ചിട്ടുണ്ട്. 2024-25ൽ രാജ്യത്താകെ 1,15,900 എം.ബി.ബി.എസ് സീറ്റുകൾ. 2020-21ൽ 83,275 സീറ്റുകളായിരുന്നു. കേരളത്തിൽ 4705 ആയി വർദ്ധിച്ചു.
ഒഴിവുള്ള സീറ്റുകൾ
2020-21 : 2,012
2022-23 : 4,146
2023-24 : 2,959
2024-25 : 2849