k

□5 വർഷത്തിനിടെ എം.ബി.ബി.എസ് സീറ്റുകൾ 39% വർദ്ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എല്ലാ വർഷവും 2000ലേറെ മെഡിക്കൽ സീറ്റുകൾ ഒഴിവു വരുന്നതായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. 2024-25 അദ്ധ്യയനവർഷം 2849 എം.ബി.ബി.എസ് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചും (ജിപ്‌മെർ) ഒഴികെയുള്ള കണക്കാണിത്.

സങ്കീർണമായ പ്രവേശന നടപടികളാണ് ഇത്രയും സീറ്റുകൾ ഒഴിവ് വരാനുള്ള കാരണമായി​ വിദഗ്ധർ പറയുന്നത്. എൻ.എം.സി നി​ശ്ചയി​ക്കുന്ന സമയപരി​ധി​ പാലി​ക്കാൻ സീറ്റുകൾ നിറയുന്നതിന് മുമ്പ് മെഡി​ക്കൽ കോളേജുകൾക്ക് പ്രവേശന നടപടികൾ അവസാനിപ്പിക്കേണ്ടി​ വരുന്നു. ഗ്രാമീണ മേഖലകളിലെ മെഡിക്കൽ കോളേജുകളി​ലും പുതിയ കോളേജുകളി​ലും ഡി​മാൻഡ് കുറവുമാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയ്ക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം.ബി.ബി.എസ് സീറ്റുകൾ 39% വർദ്ധിപ്പിച്ചിട്ടുണ്ട്. 2024-25ൽ രാജ്യത്താകെ 1,15,900 എം.ബി.ബി.എസ് സീറ്റുകൾ. 2020-21ൽ 83,275 സീറ്റുകളായി​രുന്നു. കേരളത്തിൽ 4705 ആയി വർദ്ധിച്ചു.

ഒഴിവുള്ള സീറ്റുകൾ

 2020-21 : 2,012

 2022-23 : 4,146

 2023-24 : 2,959

 2024-25 : 2849