rajive-pratap-rudy

ന്യൂഡൽഹി: പാർലമെന്റിന്റെ കീഴിലുള്ള ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് 11 അംഗ ഭരണസമിതിയിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ തിരഞ്ഞെടുത്തു. ചൊവ്വാഴ്‌ച നടന്ന തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ 629ൽ 444 വോട്ട് നേടി. സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി ജയിച്ചു.

എം.പിമാരും മുൻ എം.പിമാരുമാണ് ക്ളബ് അംഗങ്ങൾ. ലോക്‌സഭാ സ്‌പീക്കർ പ്രസിഡന്റായ ക്ളബിലെ സെക്രട്ടറി, ഭരണസമിതി വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്. അമിത്ഷ, ജെ.പി. നദ്ദ അടക്കം കാബിനറ്റ് മന്ത്രിമാരും സോണിയാഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങി പ്രതിപക്ഷ നേതാക്കളും വോട്ടിട്ടു. ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ബല്യനെയാണ് (291) രാജീവ് പ്രതാപ് റൂഡി( 391) തോൽപ്പിച്ചത്. 25 വർഷമായി ക്ളബ് സെക്രട്ടറിയാണ് റൂഡി. കോൺഗ്രസ്, സമാജ്‌വാദി, തൃണമൂൽ അടക്കം പ്രതിപക്ഷ എം.പിമാരുടെ വോട്ട് ലഭിച്ചെന്ന് പ്രതാപ് റൂഡി പറഞ്ഞു.