vp-opposition

ന്യൂഡൽഹി: ബി.ജെ.പി തമിഴ് കാർഡ് പുറത്തെടുക്കുമ്പോൾ അതിനൊപ്പം ചേരേണ്ടതില്ലെന്ന പ്രതിപക്ഷ പാ‌ർട്ടി നേതാക്കളുടെ നിലപാടാണ് 'ഇന്ത്യ' മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമായത്. വിജയിക്കാനുള്ള സംഖ്യ പക്കലില്ലാത്ത പ്രതിപക്ഷത്തിനിത് പ്രതീതാത്മക മത്സരമാണ്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെയും മാറ്റുകയാണ് പ്രതിപക്ഷം. അതിനാലാണ് ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയുടെ പേര് നിശ്ചയിച്ചതും. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെയും,എൻ.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പിയെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതാണ് സ്ഥാനാർത്ഥി നിർണയം. ഇരുപാർട്ടികളും എൻ.ഡി.എയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെലുഗ് അഭിമാനം കത്തിനിൽക്കുന്ന ആന്ധ്രാ രാഷ്ട്രീയത്തിൽ ആന്ധ്രാപ്രദേശുകാരനായ സുദർശൻ റെഡ്‌ഡിക്കൊപ്പം നിൽക്കാത്തത് ചലനമുണ്ടാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഇന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിപക്ഷ പാർട്ടി എം.പിമാർ ഒത്തുകൂടുന്നുണ്ട്.

1946 ജൂലായ് 8ന് ആന്ധ്രാപ്രദേശിലെ രംഗറെഡ്‌‌ഡി ജില്ലയിൽ കർഷക കുടുംബത്തിൽ ജനനം

1971ൽ അഭിഭാഷകനായി പ്രാക്‌ടീസ് ആരംഭിച്ചു

1988ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ

1993 മേയ് 2ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി

2005 ഡിസംബറിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

2007 ജനുവരി 12ന് സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം

2011 ജൂലായിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു

ഗോവയിലെ ആദ്യ ലോകായുക്തയായി 2013 മാർച്ചിൽ നിയമിതനായി

വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഏഴു മാസത്തിന് ശേഷം ലോകായുക്ത സ്ഥാനം രാജിവച്ചു

നിലവിൽ ഹൈദരാബാദിലെ ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്റർ ട്രസ്റ്റി

 എൻ.ഡി.എയ്‌ക്ക് ഭീഷണിയില്ല